വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി, ഖേദം പ്രകടിപ്പിക്കുന്നു- ശ്വേത തിവാരി

ശ്വേത തിവാരി
ശ്വേത തിവാരി

പുതിയ വെബ് സീരീസിന്റെ പ്രചരണ ചടങ്ങില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടി ശ്വേത തിവാരി. അടിവസ്ത്രവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ശ്വേതയെ വിവാദത്തിലാക്കിയത്. 

സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മേരേ ബ്രാ കി സൈസ് കി ഭഗവാന്‍ ലേ രഹേ ഹെ(എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്നായിരുന്നു ശ്വേത പറഞ്ഞത്. ശ്വേത സംസാരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ഒട്ടേറെയാളുകള്‍ രംഗത്തെത്തി. 

മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിന്‍ സീരീസില്‍ ബ്രാ ഫിറ്ററുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇക്കാര്യം തമാശയായി പറഞ്ഞതായിരുന്നു ശ്വേത. നടിക്കെതിരേ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഒട്ടേറെയാളുകള്‍ ആവശ്യപ്പെട്ടു.  

എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു. വളരെ നിരുപദ്രവകരമായ പരാമര്‍ശമായിരുന്നു. സൗരഭ് രാജിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചതായിരുന്നു. എന്നാല്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ആര്‍ക്കെങ്കിലും ഞാന്‍ കാരണം വേദനയുണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു- ശ്വേത വ്യക്തമാക്കുന്നു. 

Content Highlights: Taken Out Of Context Actor Shweta Tiwari Apologizes For Remark On God

Content Highlights: