തന്റെ ബയോപിക് വേണ്ട; സിനിമാക്കാരോട് നോ പറഞ്ഞ് നടരാജന്‍

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തലവര മാറിയ ഇന്ത്യന്‍ താരമാണ് ടി. നടരാജന്‍. ആദ്യം പ്രഖ്യാപിച്ച ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പോലും സ്ഥാനം നേടിയിരുന്നില്ല നടരാജന്‍. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായയാണ് താരം ഇന്ത്യന്‍ ടീമിലിടം നേടിയത്.
എന്നാല്‍ അതിനുശേഷം നടരാജന്റെ ജീവിതത്തില്‍ സംഭവിച്ചത് നാടോടിക്കഥ പോലെ വിചിത്രമായ കാര്യങ്ങളാണ്. ചരിത്രത്തിലാദ്യമായി ഒരു പരമ്പരയിലെ ഏകദിന, ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കി മൂന്നു ഫോര്‍മാറ്റിലും നടരാജന്‍ തിളങ്ങി. കണിശതയാര്‍ന്ന ബൗളിങ് പ്രകടനത്തിലൂടെ താരം ആരാധകരുടെ മനസ്സില്‍ ഇടം നേടി.
തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള ചിന്നപ്പംപെട്ടിയിലെ ഗ്രാമത്തിലാണ് നടരാജന്‍ ജനിച്ചത്. അമ്മ ശാന്തയ്ക്ക് റോഡരികില്‍ ചിക്കന്‍ വറുത്തുനല്‍കുന്ന ഒരു കടയുണ്ട്. അച്ഛന്‍ തങ്കരസുവിന് നെയ്ത്തായിരുന്നു ജോലി. സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ച നടരാജന്റെ ജീവിതം സിനിമയാക്കുന്നതിനുള്ള ശ്രമത്തിലാണ് തമിഴിലെയും ബോളിവുഡിലെയും നിര്‍മാതാക്കളും സംവിധായകരും. അതിനായി പലരും താരത്തെ സമീപിക്കുകയും ചെയ്തു.
എന്നാല്‍ തന്റെ ജീവിതം സിനിമയാക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് നടരാജന്‍. ക്രിക്കറ്റില്‍ തനിക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും നടരാജന്‍ പറഞ്ഞതായി തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: T Natarajan, cricketer refuses film industry offers to make a biopic on his life
Content Highlights: