ഹോളിവുഡ് സൈനിനുമുകളിൽ കയറി അടിവസ്ത്രം തൂക്കിയിട്ടു; നടി സിഡ്നി സ്വീനി വിവാദത്തിൽ

#മൂവി ഡെസ്ക്
സിഡ്നി സ്വീനി | ഫോട്ടോ: AP
സിഡ്നി സ്വീനി | ഫോട്ടോ: AP

തന്റെ അടിവസ്ത്ര ബ്രാൻഡിന്റെ പ്രചാരണത്തിനായി ലോകപ്രശസ്തമായ ഹോളിവുഡ് സൈനിൽ (Hollywood sign) കയറി ഹോളിവുഡ് നടി സിഡ്നി സ്വീനി. സൈനിനുമുകളിലേക്ക് രാത്രിയിൽ അതിക്രമിച്ചു കയറുന്ന സിഡ്നിയുടെ വീഡിയോ പുറത്തുവന്നു. സംഭവം വിവാദമായതോടെ നിയമക്കുരുക്ക് അഭിമുഖീകരിക്കുകയാണ് സിഡ്നി.

രാത്രിയുടെ മറവിൽ, കറുത്ത കാർഗോ പാന്റ്‌സും ഹൂഡിയും തൊപ്പിയും ധരിച്ചാണ് സ്വീനി ഹോളിവുഡ് സൈനിലെ കൂറ്റൻ അക്ഷരങ്ങൾക്ക് മുകളിൽ കയറിയത്. താരം അക്ഷരങ്ങൾക്ക് കുറുകെ അടിവസ്ത്രങ്ങൾ കോർത്ത ഒരു ചരട് കെട്ടിത്തൂക്കുന്ന ദൃശ്യങ്ങൾ ടിഎംഇസഡ് (TMZ) പുറത്തുവിട്ടിട്ടുണ്ട്. ബ്രാൻഡ് പ്രമോഷന്റെ ഭാഗമായി നടത്തിയ ഈ സാഹസിക പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ചിത്രീകരണത്തിനായി സ്വീനിയും സംഘവും ഫിലിം എൽഎയിൽ (FilmLA) നിന്ന് അനുമതി വാങ്ങിയിരുന്നു. എന്നാൽ, ഹോളിവുഡ് സൈനിന്റെ സമീപപ്രദേശങ്ങളിൽ ചിത്രീകരണം നടത്താനുളള അനുവാദം മാത്രമാണ് അവർക്കുണ്ടായിരുന്നത്. സ്മാരകത്തിൽ സ്പർശിക്കാനോ അതിൽ കയറാനോ അനുമതി നൽകിയിരുന്നില്ല എന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി സിഡ്‌നി സ്വീനി ഈ അടിവസ്ത്ര ബ്രാൻഡ് വികസിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ജെഫ് ബെസോസ്, ലോറൻ സാഞ്ചസ് എന്നിവരുമായി ബന്ധപ്പെട്ട പ്രമുഖ നിക്ഷേപകരുടെ പിന്തുണയും ഈ സംരംഭത്തിനുണ്ട്. തന്റെ പുതിയ ബിസിനസ്സ് സംരംഭത്തിന് വലിയ തോതിലുള്ള ശ്രദ്ധ ആകർഷിക്കാനാണ് താരം ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്.

പരസ്യങ്ങളുടെ പേരിൽ മുൻപും സ്വീനി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഒരു ജീൻസ് പരസ്യത്തിന്റെ പേരിൽ മുമ്പ് ഉയർന്ന വിവാദങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്ന് താരം നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. താൻ എന്നും ജീൻസ് ധരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ആ പരസ്യം മികച്ചതായിരുന്നു എന്നുമാണ് സ്വീനിയുടെ നിലപാട്.

Content Highlights: Sydney Sweeney scales Hollywood sign for lingerie promo, potentially facing vandalism charges. Learn more about the incident and legal ramifications.