ട്വന്റി വൺ ഗ്രാംസ് സിനിമയെ പ്രശംസിച്ച് നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ

.
.

നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ട്വന്റി വൺ ഗ്രാംസിനെ പ്രശംസിച്ച്‌ ചലച്ചിത്ര നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ. നിരൂപകശ്രദ്ധയ്ക്കൊപ്പം പ്രേക്ഷകരുടെ അകമഴിഞ്ഞ സ്വീകരണവും ഏറ്റുവാങ്ങിയ ചിത്രത്തിൽ കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി തിളങ്ങിയ അനൂപ് മേനോന്റെ പ്രകടനം എടുത്ത് പറഞ്ഞായിരുന്നു സ്വർഗ്ഗചിത്ര അപ്പച്ചന്റെ പ്രശംസ. ഒരു മിനിറ്റ് പോലും മടുപ്പിക്കാതെ അവസാനം വരെ ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് ട്വന്റി വൺ ഗ്രാംസെന്ന അദ്ദേഹം പറഞ്ഞു. മലയാളത്തിൽ എക്കാലത്തും ഉണ്ടായിട്ടുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ശ്രേണീ സിനിമകളുടെ മുൻനിരയിൽ തന്നെ ഈ സിനിമയുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർഗ്ഗചിത്ര അപ്പച്ചൻ | ഫോട്ടോ: കെ.കെ.പ്രവീണ്‍ 

മിടുക്കനായ പോലീസുകാരനായ കുടുംബസ്ഥനുമായ ഡിവൈഎസ്പി നന്ദകിഷോർ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് 'ട്വന്റി വൺ ഗ്രാംസ്' എന്ന സിനിമയുടെ കഥ വികസിക്കുന്നത്. അനൂപ് മേനോനാണ് ഡിവൈഎസ്പി നന്ദകുമാറിന്റെ വേഷത്തിലെത്തിയിരിക്കുന്നത്.  കൊച്ചി നഗരത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ നടന്ന ദുരൂഹമായ കൊലപാതകങ്ങളും അവയെ പിന്തുടരുന്ന കുറ്റാന്വേഷകന്റെ ബുദ്ധികൂർമതയും ഉദ്വേഗഭരിതമായ അനുബന്ധ സന്ദർഭങ്ങളുമാണ് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ. 

ഗോഡ്ഫാദർ, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, വിയറ്റ്നാംകോളനി, റാംജിറാവ് സ്പീക്കിംഗ് തുടങ്ങി എക്കാലത്തെയും ചലച്ചിത്രഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സ്വർഗ്ഗചിത്ര അപ്പച്ചന് സിനിമാനിർമാതാക്കൾക്കിടയിൽ ഒരു സൂപ്പർതാര പരിവേഷമാണുള്ളത്. സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിബിഐ-5 ദ ബ്രെയിൻ എന്ന  മമ്മൂട്ടി ചിത്രം നിർമാണത്തിന്റെ  അവസാന ഘട്ടത്തിലാണ്.  കെ. മധുവാണ് ചിത്രത്തിന്റെ സംവിധായകൻ. 

Content Highlights: Film producer Swargachitra Appachan praises 21 grams movie