‘പ്രതികരിച്ചാൽ കരിയർ തകരുമെന്ന് ബോളിവുഡിന് ഭയം; താരങ്ങളെ അമിതമായി വിശ്വസിക്കരുത്’-സ്വര ഭാസ്കർ

#Movie desk
സോനം വാങ്ചുക് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു, സ്വരാ ഭാസ്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: PTI, Instagram/@Swara Bhasker
സോനം വാങ്ചുക് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു, സ്വരാ ഭാസ്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: PTI, Instagram/@Swara Bhasker

ഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിന് പിന്തുണയുമായി നടി സ്വര ഭാസ്കർ. സമരത്തോട് ബോളിവുഡ് താരങ്ങൾ കാണിക്കുന്ന നിശ്ശബ്ദതയെ സ്വര ഭാസ്കർ രൂക്ഷമായി വിമർശിച്ചു. ദി  ലല്ലൻടോപ്പിനോട് സംസാരിക്കുകയായിരുന്നു താരം.

തന്റെ നിലവിലെ അവസ്ഥ കണ്ടിട്ടാണ് പല ബോളിവുഡ് താരങ്ങളും ഈ സമരത്തെ പിന്തുണയ്ക്കാൻ വരാത്തതെന്ന് സ്വര തുറന്നടിച്ചു. പ്രതികരിച്ചാൽ തനിക്ക് സംഭവിച്ചതുപോലെ തങ്ങളുടെ കരിയറും ജീവിതവും തകരുമെന്ന ഭയമാണ് അവർക്കെന്നും സ്വര കൂട്ടിച്ചേർത്തു. 2011-ൽ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് വലിയ പിന്തുണ നൽകിയ ബോളിവുഡ്, ഇപ്പോൾ മാറിനിൽക്കുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലുള്ള ഭയം കൊണ്ടാണെന്നും താരം വ്യക്തമാക്കി.

എങ്കിലും പ്രധാനപ്പെട്ട സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ ജനങ്ങൾ സിനിമാതാരങ്ങളെ മാത്രം ആശ്രയിക്കരുതെന്ന് സ്വര അഭ്യർത്ഥിച്ചു. "താരങ്ങളെ അമിതമായി വിശ്വസിക്കരുത്. ഒരു താരം പിന്തുണയ്ക്കുന്നത് കൊണ്ട് മാത്രം ഒരു സമരം പ്രധാനപ്പെട്ടതാകുന്നില്ല. ആ വിഷയം തനിയെ പ്രാധാന്യമുള്ളതാണ്" എന്ന് സ്വര ഓർമ്മിപ്പിച്ചു. മകളുടെ നല്ലൊരു ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ് താൻ സമരത്തിന് പിന്തുണയുമായി എത്തിയതെന്നും അവർ വ്യക്തമാക്കി.

നീറ്റ് യു.ജി. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ജൂൺ 28 മുതൽ സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സമരം തുടങ്ങി ഏകദേശം ഒന്പത് കിലോയോളം ഭാരം കുറഞ്ഞതായും ആരോഗ്യനില വരും ദിവസങ്ങളിൽ കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ സതീഷ് ലാംബ അറിയിച്ചു. തനിക്ക് വേണ്ടി സമരം അവസാനിപ്പിക്കാൻ ആരും ആവശ്യപ്പെടരുതെന്നും, പകരം ജൂലൈ 20-ന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കുചേരണമെന്നും വാങ്ചുക് അഭ്യർത്ഥിച്ചിട്ടുണ്ട്.

'വിദ്യാർഥികൾക്ക് നീതി വേണം'; സോനം വാങ്ചുക്കിന് പിന്തുണയുമായി ഇമ്രാൻ ഖാനും സോനാക്ഷിയും ഫാത്തിമയും

അതേസമയം നസീറുദ്ദീൻ ഷാ, രത്ന പഥക് ഷാ, സീനത്ത് അമൻ, ശബാന ആസ്മി, അഭയ് ഡിയോൾ, അനുരാഗ് കശ്യപ്, സൊനാക്ഷി സിൻഹ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ സോനം വാങ്ചുകിന്റെ സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Actress Swara Bhasker has publicly backed educational activist Sonam Wangchuk's ongoing hunger strike over the NEET-UG paper leak at Jantar Mantar, while fiercely calling out Bollywood stars for staying silent out of fear for their careers.