'മിസ് ഇന്ത്യ മത്സരത്തിനിടെ സുസ്മിത ചെയ്ഞ്ചിംഗ് റൂമിലിരുന്ന് പൊട്ടിക്കരഞ്ഞു, ഐശ്വര്യക്കുവേണ്ടി ഒത്തുകളി നടക്കുന്നുവെന്ന് പറഞ്ഞു'

പ്രഹ്ലാദ് കക്കർ, സുസ്മിത സെൻ | ഫോട്ടോ: Instagram, X
പ്രഹ്ലാദ് കക്കർ, സുസ്മിത സെൻ | ഫോട്ടോ: Instagram, X

1994-ലെ മിസ് ഇന്ത്യ മത്സരവുമായി ബന്ധപ്പെട്ട ഓർമ പങ്കുവെച്ച് പരസ്യചിത്ര സംവിധായകൻ പ്രഹ്ളാദ് കക്കർ. മത്സരത്തിൽ ഐശ്വര്യ റായിക്ക് അനുകൂലമായി 'ഒത്തുകളി' നടക്കുന്നുവെന്ന് വിശ്വസിച്ച് അന്ന് സുസ്മിത സെൻ പൊട്ടിക്കരഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേയാണ് സുസ്മിതയും ഐശ്വര്യ റായിയും തമ്മിലുണ്ടായിരുന്ന മത്സരത്തെക്കുറിച്ച് പ്രഹ്ളാദ് വെളിപ്പെടുത്തിയത്. 1994-ൽ ഒരേ വർഷമാണ് സുസ്മിതയും ഐശ്വര്യയും മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. തുടർന്ന് അവർ യഥാക്രമം മിസ് യൂണിവേഴ്സ്, മിസ് വേൾഡ് കിരീടങ്ങൾ നേടി.

മിസ് ഇന്ത്യ മത്സരത്തിനിടെ സുസ്മിത സെൻ ചെയ്ഞ്ചിംഗ് റൂമിന്റെ ഒരു കോണിലിരുന്ന് പൊട്ടിക്കരയുകയായിരുന്നുവെന്ന് പ്രഹ്ളാദ് കക്കർ പറഞ്ഞു. "ഒരു ദിവസം, മത്സരത്തിന്റെ പകുതിയായപ്പോൾ, സുസ്മിത ചെയ്ഞ്ചിംഗ് റൂമിന്റെ ഒരു കോണിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. എതിർ ക്യാമ്പിൽ നിന്നാണെങ്കിലും, ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് കാര്യം ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു, ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണ്. എല്ലാം ഒത്തുകളിയാണ്. നമ്മൾ ഇവിടെ എന്തുചെയ്യുകയാണെന്ന് അറിയില്ല എന്ന്. ഐശ്വര്യ ഒരു വലിയ മോഡലാണെന്നും അവളെ വിജയിയായി പ്രഖ്യാപിക്കുമെന്നും അവൾ വിശദീകരിച്ചു," പ്രഹ്ളാദ് പറഞ്ഞു.

ഐശ്വര്യയെ പിന്തള്ളി സുസ്മിത സെൻ വിജയിയായതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "അതൊരു കടുത്ത മത്സരമായിരുന്നു. രണ്ടുപേരും അതിസുന്ദരികളായിരുന്നു. പക്ഷേ ഐശ്വര്യയ്ക്ക് കാലിടറി. ഒടുവിൽ, വിജയിയെ തീരുമാനിക്കാൻ കഴിയാത്തതുകൊണ്ട് ഒരു അധിക ചോദ്യോത്തര റൗണ്ട് നടത്തി. ഐശ്വര്യയേക്കാൾ കൂടുതൽ ആത്മവിശ്വാസത്തോടെയും സംയമനത്തോടെയുമാണ് സുസ്മിത ഉത്തരം നൽകിയത്, അവൾ അവസാന റൗണ്ടിൽ വിജയിച്ചു. അതൊരു ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്തൊരു കാലമായിരുന്നു അത്," അദ്ദേഹം കൂട്ടിച്ചേർത്തു.

കാലക്രമേണ സുസ്മിതയ്ക്ക് സിനിമാ വ്യവസായത്തോട് ഒരുതരം മടുപ്പുണ്ടായെന്ന് പ്രഹ്ലാദ് പറഞ്ഞു. "അവരെ സമീപിക്കാനും ബന്ധപ്പെടാനും പ്രയാസമായിത്തുടങ്ങി. അവർ സ്വയം ഒരു മറ സൃഷ്ടിച്ചു. കൂടാതെ, സിനിമാ മേഖല ചൂഷണം നിറഞ്ഞതാണെന്ന് വിശ്വസിച്ചിരുന്നതിനാൽ അവർക്ക് അതിനോട് ഒരു അവിശ്വാസവുമുണ്ടായിരുന്നുവെന്നും കക്കർ വ്യക്തമാക്കി.

1996-ൽ പുറത്തിറങ്ങിയ 'ദസ്തക്' എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് സുസ്മിത അഭിനയരംഗത്തേക്ക് കടന്നുവന്നത്. 'ബീവി നമ്പർ 1' (1999), 'സിർഫ് തും' (1999), 'ഫിൽഹാൽ' (2002), 'ആൻഖേൻ' (2002), 'മേം ഹൂം നാ' (2004), 'മേനേ പ്യാർ ക്യൂം കിയാ' (2005) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം, 2020-ൽ 'ആര്യ' എന്ന ഡ്രാമ സീരീസിലൂടെ സുസ്മിത മുഖ്യധാരയിലേക്ക് തിരിച്ചുവന്നു.

Content Highlights: Director Prahlad Kakkar reveals Sushmita Sen wept, believing Miss India 1994 was rigged for Aishwarya Rai. He shares how Sushmita won the contest.