ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് പറഞ്ഞ നായകന്റെ ആത്മഹത്യ; ഉൾക്കൊള്ളാനാവാതെ ആരാധകർ

സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചതും.
നന്ദി സുശാന്ത്, ദുരിതത്തിൽ സഹായവുമായെത്തിയ താങ്കളെ കേരളം ഒരിക്കലും മറക്കില്ല
നാടകത്തില്‍ നിന്നും സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമുള്ള തന്റെ യാത്രയിൽ ഇതുവരെ നിരാശ ഉണ്ടായിട്ടില്ലെന്നും സുശാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. അത്രയും ആത്മാര്‍ഥമായാണ് സുശാന്ത് സിനിമയെ പ്രണയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആത്മഹത്യയുടെ വഴിയിലേക്ക് സുശാന്ത് നടന്നു നീങ്ങിയത് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല ആരാധകർക്ക്.
സുശാന്തിന്റെ മരണവാർത്തയോടൊപ്പം വലിയ ചർച്ചയാകുന്നത് 2019 ൽ പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രമാണ്. നിതേഷ് തിവാരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു. അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുശാന്ത് അവതരിപ്പിച്ചത്.
ചിത്രത്തിന്റെ കഥ ഇങ്ങനെ... മധ്യവയസ്കനായ അനിരുദ്ധ് മകൻ രാഘവിനോടൊപ്പമാണ് താമസം. ഐ.എ.ടി പ്രവേശ പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ് രാഘവ്. അതുകൊണ്ടു തന്നെ അയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. പരീക്ഷാഫലം വന്നാൽ മകനൊപ്പം വിജയം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അനിരുദ്ധ്. എന്നാൽ ഫലം വരികയും രാഘവ് തോൽക്കുകയും ചെയ്യുന്നു. തന്റെ ഭാവിയെക്കുറിച്ചോർത്ത് ഭയന്ന രാഘവ് വീടിന്റെ ബാൽക്കണയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. രക്തത്തിൽ കുളിച്ച മകനെ അനിരുദ്ധ് ആശുപത്രിയിലെത്തിക്കുന്നു. ജീവിക്കാനുള്ള മോഹം നഷ്ടപ്പെട്ട മകന് ആത്മവിശ്വാസം പകരാൻ അനിരുദ്ധ് തന്റെ ഭൂതകാലത്തിന്റെ കെട്ടഴിക്കുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും തോൽവികൾ ജീവിതത്തിന്റെ അവസാനമല്ലെന്നുമുള്ള സന്ദേശമാണ് ചിത്രം നൽകുന്നത്. അതുകൊണ്ടുതന്നെ അതേ ചിത്രത്തിലെ നായകൻ തന്നെ ആത്മഹത്യ ചെയ്തു എന്നത് വിശ്വസിക്കാനാകുന്നില്ല ആരാധകർക്കും സിനിമാലോകത്തിനും.
''എനിക്കിത് വിശ്വസിക്കാനാകുന്നില്ല. ഞാനും സുശാന്തും തമ്മിൽ നല്ല സൗഹൃദമായിരുന്നു. സിനിമയിൽ അദ്ദേഹം വന്നത് ആരുടെയും പിൻബലമില്ലാതെയാണ്. നിരാശയിൽ ജീവിതം അവസാനിപ്പിക്കരുതെന്നും ആലോചിച്ച് പ്രതിവിധികൾ സ്വയം കണ്ടെത്തണമെന്നും പറഞ്ഞ അതേയാൾ തന്നെ ഇപ്പോൾ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേൾക്കുന്നു. സുശാന്തിന് എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. പ്രശ്നങ്ങൾ എന്തു തന്നെയാണെങ്കിലും എന്നോടത് തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ സഹായിക്കുമായിരുന്നു. അയാളുടെ മരണം ഉൾക്കൊള്ളാനാകുന്നില്ല''- സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു.
സുശാന്തിന്റെ വീട്ടിൽ നിന്ന് ആത്മഹത്യകുറിപ്പ് പോലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകൾ അവസാനിക്കുന്നില്ല.
സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അതിനിടയിലാണ് നടന്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നത്. ജൂണ്‍ 3ലെ നടന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്റെ ആത്മഹത്യാക്കുറിപ്പെന്ന നിലയിലാണ് ഈ പോസ്റ്റ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ദു:ഖസൂചകമായ വാക്യങ്ങളാണ് കുറിപ്പില്‍. നടന്‍ വിഷാദത്തിന് അടിമയായിരുന്നു എന്നു സൂചിപ്പിക്കുന്ന വരികളും മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകളും കുറിപ്പില്‍ നിറയുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ചേര്‍ത്തുവച്ചാണ് പോസ്റ്റ്.
2019 ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകൾ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളർത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്. ആർ. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തിൽ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുൾ കലാം, രബീന്ദ്രനാഥ ടാഗോർ, ചാണക്യൻ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോൾട്ട് ഇൻ അവർ സ്റ്റാറിന്റെ റീമേക്കായ ദിൽബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നീണ്ടു പോയി. 2019 ൽ പുറത്തിറങ്ങിയ ഡ്രെെവ് ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Sushant Singh Rajput death, Chhichhore Movie against suicide, Nitesh Tiwari
Content Highlights: