നന്ദി സുശാന്ത്, ദുരിതത്തിൽ സഹായവുമായെത്തിയ താങ്കളെ കേരളം ഒരിക്കലും മറക്കില്ല

മലയാള സിനിമയിൽ സുശാന്ത് സിംഗ് അഭിനയിച്ചിട്ടില്ല. എന്നാൽ മലയാളികൾക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത നാം ഓരോരുത്തരിലും നടുക്കമുണ്ടാക്കുന്നത്. 2018 ലെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയവരിൽ സുശാന്തും ഉണ്ടായിരുന്നു. കേരളത്തെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് വിഷമം പറഞ്ഞ ഒരു ആരാധകന്റെ പേരിൽ 1 കോടി രൂപയാണ് സുശാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
ആ സംഭവം ഇങ്ങനെ
ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടിയാണ് ശുഭംരഞ്ജന്‍ ഞെട്ടിച്ചത്. നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നായിരുന്നു ഇതിന് സുശാന്ത് നല്‍കിയ മറുപടി.
ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.
സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ.. അപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്‌നേഹം..എന്റെ കേരളം- സുശാന്ത് കുറിച്ചു.
അതെ സുശാന്ത്, ദുരിതത്തിൽ സഹായവുമായെത്തിയ താങ്കളെ കേരളം ഒരിക്കലും മറക്കില്ല.
ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' ആണ് പ്രധാന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീന്‍ അവാര്‍ഡ് (നീരുപകരുടെ) നേടി.
ചിച്ചോർ, പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights: Sushant Singh Rajput actor suicide death when he donated 1 crore for Kerala Flood 2018 Movies
Content Highlights: