'മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ വിജയ്; ബച്ചനും കമലിനും രജനിയ്ക്കുമൊപ്പം വേഷമിട്ട ബാലതാരം

സൂര്യകിരൺ, മെെഡിയർ കുട്ടിച്ചാത്തനിൽ സൂര്യ കിരൺ
സൂര്യകിരൺ, മെെഡിയർ കുട്ടിച്ചാത്തനിൽ സൂര്യ കിരൺ

തെന്നിന്ത്യന്‍ സിനിമകളില്‍ ബാലതാരമായിരുന്ന തെലുങ്ക് സിനിമ സംവിധായകന്‍ സൂര്യകിരണിന്റെ (48)  വിയോഗത്തിന്റെ ദുഖത്തിലാണ് സിനിമാലോകം. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. 

1978-ല്‍ പുറത്തിറങ്ങിയ 'സ്‌നേഹിക്കാന്‍ ഒരു പെണ്ണ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. കോളിളക്കം, പടയോട്ടം, താളംതെറ്റിയ താരാട്ട്, ജീവിതം, കൂടുംതേടി, കടത്തനാടന്‍ അമ്പാടി, മൗനഗീതങ്ങള്‍, സത്യഭാമ, സഹ്യന്റെ മകന്‍, ചന്ദ്രഹാസം, നായാട്ട്, പടിക്കാത്തവന്‍ തുടങ്ങിയ 200-ലേറെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ, രജനീകാന്തിനും കമല്‍ഹാസനും അമിതാഭ് ബച്ചനും ഒപ്പം ബാലതാരമായി. 

ബാലതാരമായപ്പോള്‍ മാസ്റ്റര്‍ സുരേഷ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. സൂര്യകിരണ്‍ എന്ന പേരില്‍ സംവിധായകനായി. നീണ്ട ഇടവേളയ്ക്കുശേഷം വരലക്ഷ്മി ശരത്കുമാറിനെ നായികയാക്കി സംവിധാനം ചെയ്ത 'അരസി' പ്രദര്‍ശനത്തിനൊരുങ്ങവെയാണ് വിയോഗം. ത്രീഡിയില്‍ പുറത്തിറങ്ങിയ 'മൈ ഡിയര്‍ കുട്ടിച്ചാത്തനി'ലെ ബാലതാരങ്ങളില്‍ ഒരാളായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ വേഷമിട്ടു. സഹ്യന്റെ മകന്‍, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ സിനിമകള്‍ക്ക് കേന്ദ്ര ചലച്ചിത്ര പുരസ്‌കാരം നേടി. സഹ്യന്റെ മകന്‍, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്ക് കേരള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു.

2003-ല്‍ പുറത്തിറങ്ങിയ സത്യം ആണ് ആദ്യ സംവിധാന സംരംഭം. തുടര്‍ന്ന് ധന 51, ബ്രഹ്‌മാസ്ത്രം, രാജു ഭായി, ചാപ്റ്റര്‍ 6 തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നടി കാവേരിയെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ബന്ധം വേര്‍പെടുത്തി. മലയാളത്തിലടക്കം ഒട്ടേറെ ചിത്രങ്ങളില്‍ നായികയായ നടി സുജിത സഹോദരിയാണ്. എറണാകുളം സ്വദേശിയായ പരേതനായ പി.വി. സുബ്രഹ്‌മണ്യന്റെയും തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി രാധയുടെയും മകനാണ് സൂര്യകിരണ്‍. മറ്റൊരു സഹോദരി: സുനിത. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയില്‍.

Content Highlights: surya kiran filmography, Rajinikanth, Amitabh Bachchan, Kamal Haasan