15 മില്യൺ കാഴ്ചക്കാരുമായി സൂര്യ- ജിത്തു മാധവൻ ചിത്രം 'സീൻ' ടൈറ്റിൽ ടീസർ; റിലീസ് നവംബർ ആറിന്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സീൻ' ടൈറ്റിൽ ടീസർ സാമൂഹിക മാധ്യമങ്ങളിൽ സൂപ്പർഹിറ്റ്. റിലീസ് ചെയ്ത് ഇതിനോടകം 15 മില്യൺ കാഴ്ചക്കാരെയാണ് ടീസർ നേടിയെടുത്തത്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടെയ്ൻമെന്റ്‌സ് ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ആക്ഷൻ കോമഡി എന്റർടെയ്‌നർ ചിത്രം നിർമിക്കുന്നത്. സഹനിർമാതാവ് ജയശ്രീ ദാമോദരൻ.
നവംബർ ആറിന് ദീപാവലി റിലീസായി ആഗോള തലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലിനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നസ്രിയ നസിം ആണ്.
വമ്പൻ പ്രേക്ഷക പ്രതികരണമാണ് ടൈറ്റിൽ ടീസറിന് ആരാധകരിൽനിന്നും സിനിമാ പ്രേമികളിൽനിന്നും ലഭിച്ചത്. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകിയ സൂചന. ഇമ്പരാജ് ഐ.പി.എസ്. എന്ന പോലീസ് ഓഫീസർ കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസറിലെ സൂര്യയുടെ ഡയലോഗുകളും ഇതിനോടകം ആരാധകർക്കിടയിൽ വൈറലായി മാറിയിട്ടുണ്ട്.
'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'സീൻ'. ടീസറിലെ സുഷിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ്പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റിൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ- ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിങ് ഡയറക്ടർ: ഷിഫ്‌ന ബബിൻ പാക്കർ, വി.എഫ്.എക്‌സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പി.ആർ.ഒ: ശബരി.
Content Highlights: The title teaser for Suriya's upcoming film 'Scene' reached 15 million views across social media platforms. Directed by Jithu Madhavan, the action-comedy entertainer is scheduled for a worldwide theatrical release on November 6 as a Diwali release. Suriya plays a police officer named Imparaj I.P.S. alongside co-stars Nazriya Nazim and Naslen. Produced by Jyotika and Suriya under 2D Entertainment and 2D Studios, the film marks music director Sushin Shyam's Tamil debut. The movie is currently in its fast-tracked post-production stage.