വരുന്നത് വമ്പൻ ആക്ഷൻ സിനിമ, സുരേഷ് ഗോപിയുടെ മാസ് അവതാരം; 'ഒറ്റക്കൊമ്പൻ' ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഈസ്റ്റർ ദിനാഘോഷം പ്രമാണിച്ച്, പ്രേക്ഷകർക്ക് ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. "വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും "("Though i fall , I will rise again") എന്ന വരികളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയെ മാസ്സ് അവതാരമായാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അടക്കമുള്ളവ നേരത്തെ പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ആണ് 'ഒറ്റക്കൊമ്പൻ' ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം ഈ വർഷം തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും.
സുരേഷ് ഗോപി എന്ന നടനിൽ നിന്നും താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാവിധ മാസ്സ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. "ഒറ്റക്കൊമ്പൻ" കൂടാതെ ജയസൂര്യ നായകനായ "കത്തനാർ", എസ്.ജെ സൂര്യ നായകനായ "കില്ലർ", മോഹൻലാൽ നായകനായ "L367" എന്നിവയാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു വമ്പൻ ചിത്രങ്ങൾ.
രചന -ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം -ഷാജികുമാർ, സംഗീതം -ഹർഷവർദ്ധൻ രാമേശ്വർ, എഡിറ്റിംഗ് -ഷഫീഖ് വി ബി, ഗാനങ്ങൾ -വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം -ഗോകുൽ ദാസ്, ആക്ഷൻ -കലൈ കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം -സാൻഡി, സൗണ്ട് ഡിസൈൻ -എം.ആർ. രാജാകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ -സിദ്ധു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ -ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് -കെ.ജെ. വിനയൻ. ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ -പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ -റോഷൻ, ജിത്തു ഫ്രാൻസിസ്, ഡിസൈൻ -യെല്ലോ ടൂത്ത്സ്, പിആർഒ -വാഴൂർ ജോസ്, ശബരി
Content Highlights: Director Mathews Thomas and producer Gokulam Gopalan have released the high-octane first-look poster of Suresh Gopi’s big-budget action entertainer 'Ottakkomban' as an Easter gift to fans