സുബ്ബലക്ഷ്മി സംഗീത പുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ്‌ സുപ്രീം കോടതി

ടി.എം. കൃഷ്ണ| Photo: Mathrubhumi
ടി.എം. കൃഷ്ണ| Photo: Mathrubhumi

ന്യൂഡല്‍ഹി: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ്‌ സുപ്രീം കോടതി. സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ സുപ്രീംകോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്. 

സുബ്ബലക്ഷ്മിയെ മാധ്യമങ്ങളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ടി.എം.കൃഷ്ണ അപഹസിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ പേരിലുള്ള പുരസ്‌കാരം കൃഷ്ണയ്ക്ക് നല്‍കരുതെന്നുമായിരുന്നു ഗായികയുടെ ചെറുമകന്‍ വി ശ്രീനിവാസന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 

ശ്രീനിവാസന്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹൃഷികേശ് റോയ്, എസ്.വി.എന്‍. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

കര്‍ണാടകസംഗീതത്തിലെ ഇതിഹാസമായിരുന്ന സുബ്ബലക്ഷ്മിയെ മരണശേഷം നിന്ദ്യമായ വാക്കുകള്‍കൊണ്ട് വിമര്‍ശിച്ചയാളാണ് കൃഷ്ണയെന്നും അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കുന്നത് നിരീശ്വരവാദിക്ക് ഭക്തപുരസ്‌കാരം നല്‍കുന്നതുപോലെയാണെന്നും ഹര്‍ജിക്കാരനായ വി. ശ്രീനിവാസന്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. 

മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധിപുരസ്‌കാരം 2005 മുതലാണ് സംഗീത കലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മാര്‍ച്ച് 17-നായിരുന്നു ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം. ഡിസംബറിലെ സംഗീതമേളയിലാണ് സമ്മാനദാനം നടക്കുന്നത്.

Content Highlights: Supreme Court Stays TM Krishnas MS Subbulakshmi Award