‘ആദ്യം തിരിച്ചറിഞ്ഞില്ല, പിന്നെ സ്‌നേഹാലിംഗനം’; സണ്ണി ഡിയോളിന്റെ കാലുതൊട്ട് വന്ദിച്ച് വരുൺ ധവാൻ

#Movies Desk
സണ്ണി ഡിയോളിന്റെ കാലുതൊട്ട് വന്ദിക്കുന്ന വരുണ്‍ ധവാന്‍.|Photo: @htshowbiz
സണ്ണി ഡിയോളിന്റെ കാലുതൊട്ട് വന്ദിക്കുന്ന വരുണ്‍ ധവാന്‍.|Photo: @htshowbiz

അനുരാഗ് സിങിന്റെ സംവിധാനത്തിൽ സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ബോർഡർ- 2. ചിത്രത്തിന്റെ ആദ്യ പ്രദർശനവുമായി ബന്ധപ്പെട്ട് മുംബൈയിൽ നടന്ന പരിപാടിയിൽ സിനിമയിൽ അഭിനയിച്ച പ്രധാന താരങ്ങളെല്ലാം എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ വരുൺ ധവാൻ സണ്ണി ഡിയോളിന്റെ കാലുതൊട്ടു വന്ദിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വെറലാകുന്നത്‌.

സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ സണ്ണി ഡിയോൾ ഫോട്ടോ എടുക്കുവാൻ വേണ്ടി നിൽക്കുന്ന സമയത്ത് വരുൺ തൊട്ടടുത്ത് വന്ന് നിൽക്കുകയായിരുന്നു. അരികിൽ നിൽക്കുന്നത് വരുൺ ധവാൻ ആണെന്ന് മനസിലാക്കാൻ സണ്ണി ഡിയോൾ കുറച്ച് സമയമെടുത്തു. വരുണാണെന്ന് മനസിലാക്കിയ ഉടൻ സണ്ണി പുഞ്ചിരിയോടെ കെട്ടിപ്പിടിക്കുകയും തുടർന്ന് വരുൺ സണ്ണിയുടെ കാൽതൊട്ട് വന്ദിക്കുകയും ചെയ്തു.

സംഭവത്തിന്‌ ശേഷം ഇരുവരും കുശലാന്വഷണം നടത്തുകയും ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു. വിജയത്തെ സൂചിപ്പിക്കുന്ന തരത്തിൽ സണ്ണി വരുണിന്റെ കൈ പിടിച്ച് ആകാശത്തേക്ക് ഉയർത്തുന്നതും വീഡിയോയിൽ കാണാം. സുനിൽ ഷെട്ടി, മാന ഷെട്ടി, അഹാൻ ഷെട്ടി, ആതിയ ഷെട്ടി, ഭർത്താവും ക്രിക്കറ്റ് താരവുമായ കെ.എൽ. രാഹുൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. അവ്‌നീത് കൗർ, അഭിമന്യു സിംഗ്, പാർഥ് സംതാൻ, മനീഷ് മൽഹോത്ര എന്നിവരും ചടങ്ങിന്റെ ഭാഗമായി.

1997-ൽ ഇറങ്ങിയ ബോളിവുഡിലെ ഇതിഹാസ സിനിമകളിലൊന്നായ ‘ബോർഡറി’ന്റെ രണ്ടാം ഭാഗമാണ് ബോർഡർ- 2. സണ്ണി ഡിയോൾ മുഖ്യ വേഷത്തിലെത്തുന്ന സിനിമയിൽ വരുൺ, ദിൽജിത്ത്, അഹാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. 1971- ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Varun Dhawan touches Sunny Deol`s feet at the Border 2 event in Mumbai. Stars attend the premiere of the sequel to the iconic 1997 film.