'ധർമേന്ദ്രയോട് കടപ്പെട്ടിരിക്കുന്നു'; കരിയറിലെ തിരിച്ചുവരവിനെക്കുറിച്ച് സണ്ണി ഡിയോൾ

കരിയറിലെ തന്റെ വിജയത്തിന് പിന്നിൽ പിതാവും അന്തരിച്ച മുതിർന്ന നടനുമായ ധർമ്മേന്ദ്രയുടെ അനുഗ്രഹവും ദൈവാനുഗ്രഹവുമാണെന്ന് നടൻ സണ്ണി ഡിയോൾ. പ്രേക്ഷകർക്ക് എന്നെ മുമ്പും ഇഷ്ടമായിരുന്നു, ഇന്നും ഇഷ്ടപ്പെടുന്നു. ഞാൻ എവിടെ പോയാലും എനിക്ക് സ്‌നേഹം ലഭിക്കുന്നു. അതെല്ലാം അച്ഛന്റെ അനുഗ്രഹവും ദൈവത്തിന്റെ കാരുണ്യവുംകൊണ്ടാണെന്ന് ബോർഡർ 2-ന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം കരിയറിലെ തന്റെ ശക്തമായ തിരിച്ചുവരവെന്ന് പലരും വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകൻ അദ്ദേഹത്തെ 'സണ്ണി ഡിയോൾ 2.0' എന്ന് വിശേഷിപ്പിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. 'ഇത്രയും വർഷം എവിടെയായിരുന്നു എന്നെനിക്കറിയില്ല. ഇത് വളരെ മനോഹരമാണ്. എല്ലാവരോടും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ - കഠിനാധ്വാനം ചെയ്യുക, നിങ്ങളുടെ തൊഴിലിനെ സ്‌നേഹിക്കുക, നിരുത്സാഹപ്പെടരുത്. ശരിയായ സമയം വരുന്നത് എപ്പോഴാണെന്ന് ഒരിക്കലും അറിയാൻ കഴിയില്ല, ആ സമയം പോകുന്നത് എപ്പോഴാണെന്നും. അതിനാൽ എപ്പോഴും തയ്യാറായിരിക്കണം.' - സണ്ണി ഡിയോൾ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഡിയോൾ ശ്രദ്ധേയമായ ബോക്‌സ് ഓഫീസ് വിജയങ്ങൾ പലതും നേടിയിട്ടുണ്ട്. ഗദർ 2 ഒരു ബ്ലോക്ക്ബസ്റ്റർ ആയപ്പോൾ, ജാട്ട് തിയേറ്ററുകളിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചു. നിലവിൽ രാജ്യത്തുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ് ബോർഡർ 2.
ജനുവരി 23-ന് റിലീസ് ചെയ്ത ബോർഡർ 2 1971-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ്. ഇന്ത്യൻ കര, നാവിക, വ്യോമ സേനകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ഈ ചിത്രം എടുത്തു കാണിക്കുന്നു. ഡിയോൾ ചിത്രത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.
ബോക്‌സ് ഓഫീസ് ഡാറ്റ അനുസരിച്ച് ബോർഡർ 2 ആദ്യ ആഴ്ചയിൽ 224.25 കോടി രൂപയും രണ്ടാം ആഴ്ചയിൽ 70.15 കോടി രൂപയും നേടി. 17-ാം ദിവസം, ബോർഡർ 2 ഇന്ത്യയിൽ 309.09 കോടി രൂപയുടെ നെറ്റ് കളക്ഷൻ രേഖപ്പെടുത്തി. ആഭ്യന്തര കളക്ഷൻ മൊത്തം 361.94 കോടി രൂപയായി. ഈ ചിത്രത്തിൽ സണ്ണി ഡിയോളിന് പുറമെ വരുൺ ധവാൻ, ദിൽജിത് ദോസാൻജ്, അഹാൻ ഷെട്ടി, മോണ സിംഗ്, സോനം ബജ്വ, ആന്യ സിംഗ്, പ്രണവ് വശിഷ്ട്, മേധ റാണ എന്നിവർ അഭിനയിച്ചിട്ടുണ്ട്. ടി-സീരീസും ജെ പി ഫിലിംസും ചേർന്നാണ് നിർമാണം.
Content Highlights: Sunny Deol celebrates Border 2`s massive success, discussing his career resurgence & `Sunny Deol 2.0` era. Discover the inspiration behind the 1971 war film and its box office triumphs.