'ഗദർ' വിജയിച്ചിട്ടും കാര്യമായി സിനിമകൾ കിട്ടിയില്ല, കഷ്ടപ്പാട് തന്നെയായിരുന്നു -സണ്ണി ഡിയോൾ

സണ്ണി ഡിയോൾ | ഫോട്ടോ: പി.ടി.ഐ
സണ്ണി ഡിയോൾ | ഫോട്ടോ: പി.ടി.ഐ

​ഗദർ 2 എന്ന ചിത്രം തിയേറ്ററുകൾ നിറച്ചോടുന്നതിന്റെ സന്തോഷത്തിലാണ് നടൻ സണ്ണി ഡിയോൾ. 450 കോടിയിലേറെ  രൂപയാണ് ആ​ഗോളതലത്തിൽ ചിത്രം ഇതുവരെ നേടിയത്. വർഷങ്ങൾക്ക് മുമ്പിറങ്ങിയ ​ഗദർ: ഏക് പ്രേം കഥ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിപ്പോൾ പുറത്തുവന്നത്. ആദ്യഭാ​ഗവും ബോളിവുഡിലെ വമ്പൻ ഹിറ്റായിരുന്നു. ആദ്യഭാ​ഗത്തിന്റെ വിജയത്തേത്തുടർന്നും തനിക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സണ്ണി ഡിയോൾ ഇപ്പോൾ.

ബിബിസി യു.കെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ​​ഗദർ: ഏക് പ്രേം കഥ എന്ന ചിത്രം വിജയിച്ചിട്ടും കരിയറിൽ കഷ്ടപ്പെടേണ്ടിവന്നതിനേക്കുറിച്ച് സണ്ണി ഡിയോൾ പറഞ്ഞത്. ​ഗദറിനുമുമ്പ് തനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സണ്ണി പറഞ്ഞു. ഒരുപാടുപേർ അഭിനന്ദിച്ച ഈ നൂറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് ​ഗദർ എങ്കിലും ആ ചിത്രം ഇറങ്ങിയശേഷവും തനിക്ക് അവസരങ്ങൾ വേണ്ടപോലെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള കാരണം ചോദിച്ചപ്പോൾ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും ഹിന്ദി സിനിമാ വ്യവസായം എങ്ങനെ ബോളിവുഡായി മാറുകയാണെന്നും താരം പറഞ്ഞു. ഹിന്ദി സിനിമാ മേഖല കോർപ്പറേറ്റുകൾ ഏറ്റെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2001-ലാണ് ഗദർ: ഏക് പ്രേം കഥ തിയേറ്ററുകളിലെത്തിയത്. താരാസിം​ഗ് എന്ന നായക വേഷത്തിലാണ് സണ്ണി ഡിയോൾ എത്തിയത്. സക്കീനയായി അമീഷ പട്ടേലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാവുകയും ചെയ്തു ചിത്രം. താരാ സിം​ഗായുള്ള സണ്ണി ഡിയോളിന്റെ പ്രകടനം ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നു. മികച്ച കഥയും സംഗീതവും ചിത്രത്തെ സൂപ്പർഹിറ്റിലേക്ക് നയിച്ചു. ഇതേ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിപ്പോൾ തിയേറ്ററുകളിലെത്തിയിരിക്കുന്നത്.

440 കോടി രൂപയാണ് ​ഗദർ 2 ഇതുവരെ ആ​ഗോളതലത്തിൽ വാരിക്കൂട്ടിയത്. അഞ്ഞൂറ് കോടി കളക്ഷനിലേക്ക് കുതിക്കുന്ന ചിത്രം യഷ് നായകനായി കെ.ജി.എഫ്: ചാപ്റ്റർ 2ന്റെ കളക്ഷനാണ് മറികടന്നത്. പാകിസ്താനിലകപ്പെട്ടുപോയ സ്വന്തം മകനെ രക്ഷപ്പെടുത്താനുള്ള താരാസിം​ഗിന്റെ ശ്രമങ്ങളാണ് ​ഗദർ 2 പറയുന്നത്. ഉത്കർഷ് ശർമയാണ് താരാസിം​ഗിന്റെ മകനായ ചരൺജിത്ത് സിം​ഗിനെ അവതരിപ്പിക്കുന്നത്.

Content Highlights: sunny deol about his life after the success of gadar, gadar ek prem katha, gadar 2