20 രൂപ ദിവസക്കൂലിയിൽ തുടക്കം, ഇന്ന് 21 കോടിയുടെ ആസ്തി; സുനില്‍ ഗ്രോവര്‍ എന്ന വിസ്മയം

സുനില്‍ ഗ്രോവര്‍/Image: www.instagram.com/whosunilgrover
സുനില്‍ ഗ്രോവര്‍/Image: www.instagram.com/whosunilgrover

ഹരിയാണയിലെ ഗ്രാമത്തില്‍ നിന്ന് ബോളിവുഡിലെ തിരക്കുള്ള ഹാസ്യനടനായി മാറിയ വ്യക്തിയാണ് സുനില്‍ ഗ്രോവര്‍. സാമ്പത്തിക പരാധീനതയില്‍ ഞെരുങ്ങിയായിരുന്നു സുനിലിന്റെ ആദ്യകാല ജീവിതം. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടി വെള്ളിത്തിര സ്വപ്‌നം കണ്ടുകൊണ്ടാണ് അദ്ദേഹം മുംബൈയിലേക്ക് വണ്ടികയറുന്നത്.

മുംബൈ പോലൊരു വലിയ നഗരത്തില്‍ പിടിച്ചു നില്‍ക്കാന്‍ സുനില്‍ ആദ്യകാലത്ത് നന്നേ ബുദ്ധിമുട്ടിയിരുന്നു. തുടക്കകാലത്ത് സമ്പന്നര്‍ താമസിക്കുന്ന ഭേദപ്പെട്ട ഇടത്താണ് അദ്ദേഹത്തിന് താമസിക്കാന്‍ ഇടം കിട്ടിയത്. എന്നാല്‍ ദിവസം 20 രൂപ മാത്രം ശമ്പളം കിട്ടിയിരുന്ന ഗ്രോവർക്ക് അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ ഒരു നാള്‍ വിജയം തന്നെ തേടിവരുമെന്ന കാര്യത്തില്‍ സുനില്‍ ഉറച്ചുവിശ്വസിച്ചു.

അവസരങ്ങള്‍ക്കായി എല്ലാ വഴികളിലും അലഞ്ഞു. ടെലിവിഷനിലെ പരിപാടികളില്‍ ചെറിയ റോളുകള്‍ ചെയ്താണ് വെള്ളിത്തിരയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. നന്നായി പോയികൊണ്ടിരുക്കുന്ന ടിവി ഷോയില്‍ നിന്ന് ഒന്നും പറയാതെ സുനിലിനെ മാറ്റി. എന്തിനാണ് മാറ്റിയതെന്ന് അറിയാതെ സുനില്‍ വേദനിച്ചു. എന്നാല്‍ സമയം പാഴാക്കാതെ അദ്ദേഹം അടുത്ത വഴി തുറക്കാനായി പരിശ്രമിച്ചു

കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന ഷോയാണ് സുനിലിന്റെ ജീവിതം മാറ്റിമറിച്ചത്. സ്വതസിദ്ധമായി ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവും അനുകരണകലയിലെ പ്രാവിണ്യവും അദ്ദേഹത്തെ ഷോയിലെ താരമാക്കി മാറ്റി. ഈ പരിപാടിയിലെ ഗുത്തിയെന്ന കഥാപാത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതി നേടി. പിന്നീട് കപില്‍ ശര്‍മ ഷോ എന്ന പരിപാടിയിലെ ഡോ മഷൂര്‍ ഗുലാട്ടിയും ശ്രദ്ധ തേടിയതോടെ പ്രേക്ഷക മനസില്‍ സുനില്‍ ഗ്രോവര്‍ എന്ന ഹാസ്യ താരം ഉറച്ചുനിന്നു. ശേഷം നിരവധി ബോളിവുഡ് ചിത്രങ്ങളിലും പ്രശസ്ത വെബ്‌സീരിസിലും അഭിനയിക്കാനായി അദ്ദേഹത്തിന് അവസരം ലഭിച്ചു. ചെയ്ത വേഷങ്ങളെല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

ഇന്ന് അദ്ദേഹം ആഡംബര ജീവിതമാണ് നയിക്കുന്നത്.അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവുമാണ് അതിലേക്ക് നയിച്ചത്. അന്നത്തെ 20 രൂപ ദിവസ വേതനക്കാരന് ഇന്ന് 21 കോടിയോളം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്

Content Highlights: Sunil Grover`s inspiring journey from a struggling villager to a successful Bollywood comedian