40 കോടി കിട്ടുന്ന പുകയില പരസ്യം വന്നു, പറ്റില്ലെന്ന് മുഖത്തുനോക്കി പറഞ്ഞു -സുനിൽ ഷെട്ടി

ബോളിവുഡ് താരങ്ങൾ പുകയില, മദ്യ ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പുകയില ഉത്പ്പന്നങ്ങൾക്ക് പ്രചാരം നൽകുന്നു എന്നതുകൊണ്ട് ഷാരൂഖ് ഖാനും അക്ഷയ് കുമാറും അജയ് ദേവ്ഗണും ഉൾപ്പെടെയുള്ള വലിയ താരങ്ങൾക്കുപോലും രൂക്ഷമായ വിമർശനം നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴിതാ പുകയിലയുടെ പരസ്യത്തിനായി വാഗ്ദാനം ചെയ്ത 40 കോടി രൂപ നിരസിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം സുനിൽ ഷെട്ടി. താൻ വിശ്വസിക്കാത്ത ഒന്നും പ്രൊമോട്ട് ചെയ്യാൻ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പീപ്പിങ് മൂൺ എന്ന പോഡ്കാസ്റ്റിലാണ് പുകയില ബ്രാൻഡ് പരസ്യത്തിൽ അഭിനയിക്കാൻ വലിയ തുക വാഗ്ദാനം ചെയ്തിട്ടും എന്തുകൊണ്ട് അത് ചെയ്തില്ലെന്ന് സുനിൽ ഷെട്ടി വെളിപ്പെടുത്തിയത്. സിനിമയിലെത്താൻ കാരണം തന്റെ ആരോഗ്യമാണെന്നും അതിനാൽ തന്റെ ശരീരത്തെ ഒരു ആരാധനാലയമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുകയില ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം ശരീരത്തോടും മന:സാക്ഷിയോടും ചെയ്യുന്ന അനീതിയാകും. സിനിമയുടെയോ ബോക്സ് ഓഫീസ് കളക്ഷന്റെയോ കാര്യത്തിൽ താൻ പ്രസക്തനല്ലായിരിക്കാം. എന്നാൽ 17 മുതൽ 20 വയസ്സുവരെയുള്ള യുവാക്കൾ നൽകുന്ന സ്നേഹവും ബഹുമാനവുമാണ് തനിക്ക് വലുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തീരുമാനത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം തന്റെ കുടുംബത്തോടുള്ള ഉത്തരവാദിത്തമാണെന്നും സുനിൽ ഷെട്ടി പറഞ്ഞു. "ഒരു പുകയില പരസ്യത്തിനായി എനിക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തു. ഞാൻ അവരെ നോക്കി ചോദിച്ചു, 'ഞാൻ ഇതിൽ വീണുപോകുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ?' എന്ന്. പണം ആവശ്യമുണ്ടെങ്കിൽപ്പോലും ഞാനങ്ങനെ ചെയ്യില്ല. ഞാൻ വിശ്വസിക്കാത്ത ഒന്നും ചെയ്യില്ല. കാരണം അത് അഹാൻ, അതീയ, രാഹുൽ തുടങ്ങി എല്ലാവർക്കും കളങ്കമേൽപ്പിക്കും. ഈ കർക്കശമായ നിലപാടിന് ശേഷം ഒരു പുകയിലക്കമ്പനിയും എന്നെ സമീപിക്കാൻ ധൈര്യപ്പെടുന്നില്ല." താരത്തിന്റെ വാക്കുകൾ.
ഫിറ്റ്നസ് പ്രേമിയായ അക്ഷയ് കുമാറും അജയ് ദേവ്ഗണും നേരത്തേ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചപ്പോൾ ആരാധകർ വലിയ തോതിൽ പ്രതിഷേധിച്ചിരുന്നു. അജയ് ദേവ്ഗൺ ഈ വിമർശനങ്ങളെ കാര്യമായി എടുത്തില്ലെങ്കിലും, അക്ഷയ് കുമാർ തന്റെ ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുനിൽ ഷെട്ടിയുടെ തീരുമാനം വേറിട്ടുനിൽക്കുന്നത്.
നിലവിൽ സിനിമയിൽ സജീവമായ സുനിൽ ഷെട്ടിക്ക് നിരവധി പുതിയ പ്രോജക്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവർക്കൊപ്പം 'വെൽക്കം ടു ദി ജംഗിൾ', പ്രിയദർശൻ സംവിധാനംചെയ്യുന്ന 'ഹേരാ ഫേരി 3' എന്നിവയാണതിൽ പ്രധാനപ്പെട്ട ചിത്രങ്ങൾ.
Content Highlights: Discover why Suniel Shetty rejected a massive ₹40 crore tobacco advertisement deal. Learn about his commitment to health, legacy, and responsible celebrity endorsements. Read more!