ഇത് ലൈംഗികാതിക്രമത്തിന് തുല്യം, ആ വീഡിയോ ഞെട്ടലുണ്ടാക്കി; AI നിർമിത അശ്ലീല വീഡിയോക്കെതിരെ നടി സുനൈന

തന്റേതെന്നപേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എഐ നിർമിത വ്യാജ അശ്ലീല വീഡിയോക്കെതിരെ താക്കീതുമായി നടി സുനൈന. വീഡിയോ കണ്ടപ്പോൾ തനിക്ക് കടുത്ത ഞെട്ടലും വെറുപ്പും തോന്നിയെന്ന് അവർ വ്യക്തമാക്കി. വീഡിയോ നിർമ്മിച്ചവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നും സുനൈന തന്റെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
"എന്റെ മുഖം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മോർഫ് ചെയ്ത് അശ്ലീല ഉള്ളടക്കത്തോടൊപ്പം ചേർത്തുവെച്ച ഒരു എഐ വീഡിയോ സമൂഹമാധ്യമങ്ങളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ഉള്ളടക്കം ഡിജിറ്റലായി നിർമ്മിച്ചതോ കൃത്രിമമായി ഉണ്ടാക്കിയതോ ആണ്, എന്നെപ്പോലെ കാണപ്പെടുന്ന മറ്റൊരു വ്യക്തിയെ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഈ ഹീനവും ദുഷ്ടവുമായ പ്രവൃത്തിയിൽ എനിക്ക് കടുത്ത ഞെട്ടലും വെറുപ്പും തോന്നിയിട്ടുണ്ട്, ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു." സുനൈനയുടെ പ്രസ്താവനയിൽ പറയുന്നു.
ഇത് ലൈംഗികാതിക്രമത്തിന് തുല്യമാണെന്നും തന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും നടി കൂട്ടിച്ചേർത്തു: "ഈ ഉള്ളടക്കത്തിന്റെ നിർമ്മാണത്തിനോ പ്രസിദ്ധീകരണത്തിനോ പ്രചാരണത്തിനോ ഞാൻ യാതൊരുവിധത്തിലും സമ്മതം നൽകിയിട്ടില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുമായി എനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ഏതൊരു സൂചനയും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. ഇത് എന്റെ അന്തസ്സ്, സ്വകാര്യത, വ്യക്തിത്വം എന്നിവയുടെ ഗുരുതരമായ ലംഘനമാണ്. ഇത് ലൈംഗികാതിക്രമത്തിന് തുല്യമാണ്, അപകീർത്തികരമാണ്, കൂടാതെ 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2023-ലെ ഭാരതീയ ന്യായ സംഹിത എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ നിയമപ്രകാരം ഇതൊരു ക്രിമിനൽ കുറ്റവുമാണ്. ഇത്തരത്തിലുള്ള പെരുമാറ്റം ഒരുതരത്തിലും അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ ആകില്ല," അവർ തുടർന്നെഴുതി.
ഈ ഉള്ളടക്കം നിർമ്മിക്കുന്നതും അപ്ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും റീപോസ്റ്റ് ചെയ്യുന്നതും ഉടനടി നിർത്താൻ സുനൈന ഏവരോടും ആവശ്യപ്പെട്ടു. കൂടാതെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും അക്കൗണ്ടുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും ഇത് പൂർണ്ണമായും ഡിലീറ്റ് ചെയ്യണമെന്നും താരം മുന്നറിയിപ്പ് നൽകി. വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ യാതൊരു മുന്നറിയിപ്പുമില്ലാതെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സുനൈന വ്യക്തമാക്കി.
ചലച്ചിത്ര മേഖലയിൽ എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ശബ്ദമുയർത്തുന്ന ആദ്യത്തെ സംഭവമല്ല ഇത്. ദേവര എന്ന സിനിമയിലെ ചുട്ടമല്ലെ എന്ന ഗാനം എഐ ഉപയോഗിച്ച് മോർഫ് ചെയ്തതിനെതിരെ അടുത്തിടെ ജാൻവി കപൂറും ജൂനിയർ എൻടിആറും നിയമനടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രശ്മിക മന്ദാന, കീർത്തി സുരേഷ് എന്നിവരും സമാനമായ വിഷയങ്ങളിൽ മുൻപ് പ്രതികരിച്ചിട്ടുണ്ട്. 2005-ൽ 'കുമാരി വേഴ്സസ് കുമാരി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുനൈന, അവസാനമായി അഭിനയിച്ച ചിത്രം 2025-ൽ ധനുഷിനെ നായകനാക്കി ശേഖർ കമ്മുല സംവിധാനംചെയ്ത 'കുബേര'യിലാണ്. 2024-ലെ പ്രൈം വീഡിയോ വെബ് പരമ്പരയായ 'ഇൻസ്പെക്ടർ റിഷി'യിലും അവർ വേഷമിട്ടിട്ടുണ്ട്.
Content Highlights: Actress Sunainaa has issued a stern warning against a fake AI-generated video circulating on social media, featuring her morphed face. She expressed shock and disgust, vowing to take civil and criminal action against those responsible for creating and sharing the content. Sunainaa demanded the immediate removal of the video from all platforms, emphasizing that she never consented to its creation or distribution.