‘വിജയ് രാജ്യത്തെ ഏറ്റവും വലിയ താരം, അദ്ദേഹവുമായി എങ്ങനെ മത്സരിക്കാനാകും, ഞാൻ അദ്ദേഹത്തിന്റെ ആരാധിക’

വിജയ് നായകനായ ജനനായകൻ, ശിവ കാർത്തികേയന്റെ പരാശക്തി എന്നീ ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. പരാശക്തിക്കെതിരെ വിജയ് ആരാധകർ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഈ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര രംഗത്തെത്തിയിരുന്നു. വിജയ് ആരാധകർ ഗുണ്ടകളാണെന്നാണ് അവർ താരത്തിന്റെ പേരെടുത്തുപറയാതെ അന്നുപറഞ്ഞത്. ഇപ്പോൾ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുധ കൊങ്കര.
താൻ വിജയ്‌യെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാണെന്നും സുധ കൊങ്കര ഇന്ത്യാ ടുഡേയോട് പറഞ്ഞു. അതിന് മറ്റു വകഭേദങ്ങളില്ല. കാരണം താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്, അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ അത് നടന്നില്ലെന്നും അവർ പറഞ്ഞു.
"അദ്ദേഹത്തിന്റെ സിനിമ ഞങ്ങളോടൊപ്പം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നു... ഓഡിയോ ലോഞ്ചിൽ ഞാൻ ആദ്യം പറഞ്ഞത്, എന്റെ സിനിമ ഞാൻ 200 തവണ കാണും, പക്ഷേ ആദ്യ ദിനം ഞാൻ വിജയ്‌യുടെ സിനിമ കാണാൻ പോകും എന്നാണ്. സിനിമ എത്രയും പെട്ടെന്ന് റിലീസ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. ജനനായകന് എന്തു സംഭവിച്ചു, റിലീസിന് രണ്ട് ദിവസം മുൻപ് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. അത് ഒരു സിനിമയ്ക്കും സംഭവിക്കരുത്. അവരുടെ സിനിമയുമായി മത്സരിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ താരവുമായി എങ്ങനെ മത്സരിക്കും? നിങ്ങൾക്ക് അതിന് ഒരിക്കലും കഴിയില്ല." സുധ കൊങ്കര വ്യക്തമാക്കി.
ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ നിർമിച്ച ചിത്രമാണ് പരാശക്തി. രവി മോഹൻ, ശ്രീലീല, അഥർവ മുരളി, ദേവ് രാംനാഥ്, പൃഥ്വി രാജൻ, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ. 1960-കളിലെ മദ്രാസ് പശ്ചാത്തലമാക്കുന്ന ഈ സിനിമ, തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത രണ്ട് സഹോദരന്മാരുടെ കഥയാണ് പറയുന്നത്.
Content Highlights: Director Sudha Kongara expresses immense admiration for actor Vijay and discusses the delays of his film `Jana Nayagan`. Learn more about her upcoming film `Parasakthi` and the situation.