എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞ് ഒരാള്‍ ഒപ്പംകൂടിയിട്ടുണ്ട്; അന്ന് സുബി പറഞ്ഞു

കൊച്ചി: ''മുറ്റത്ത് മുന്തിരിവള്ളി പടര്‍ത്തിയ സമാധാനമുള്ള കൊച്ചുവീട്. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ സ്വപ്നങ്ങളുടെ വിയര്‍പ്പില്‍ പണിതതായിരുന്നു അത്. ബിസിനസ് തകര്‍ന്നപ്പോള്‍ പുള്ളിക്കാരന്‍തന്നെ അത് വിറ്റു. സ്വന്തമായി വീടുള്ളപ്പോഴല്ലേ അത് വില്‍ക്കാന്‍ പറ്റൂ...''
ജീവിതത്തിലെ വലിയ സ്വപ്നമായിരുന്ന വീട് നഷ്ടപ്പെട്ട കാര്യംപോലും തമാശയുടെ പൂത്തിരികത്തിച്ചാണ് സുബി പറഞ്ഞത്. സുബി എന്നും അങ്ങനെയായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖം. ഉള്ളിലെ സങ്കടങ്ങള്‍ ചിരിയുടെ മുന്തിരിവള്ളിയായി പടര്‍ന്നതായിരുന്നു അവരുടെ ജീവിതം.
സൈന്യത്തില്‍ ചേരണമെന്നായിരുന്നു സുബിക്ക് മോഹം. ആര്‍മി വിങ് ഉണ്ട് എന്ന ഒറ്റക്കാരണത്താലാണ് എറണാകുളം സെയ്ന്റ് തെരേസാസ് കോളേജില്‍ ചേര്‍ന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിന് പോയിട്ടുള്ള സുബിക്ക് ഷൂട്ടിങ്ങില്‍ ഗോള്‍ഡ് മെഡല്‍ ലഭിച്ചിരുന്നു.
സൈന്യത്തില്‍ ചേരാന്‍ നിന്നയാള്‍ പിന്നീട് കലയുടെ ലോകത്തേക്ക് കൂടുമാറി. നടന്‍ ടിനി ടോമായിരുന്നു കാരണം. ബ്രേക്ക് ഡാന്‍സ് കളിക്കുമായിരുന്ന സുബിയെ ടിനിയാണ് 'സിനിമാല' ടീമിന് പരിചയപ്പെടുത്തിയത്.
പുരുഷകേന്ദ്രിതമായിരുന്നു അന്ന് മിമിക്രിലോകം. എന്നിട്ടും കൊച്ചിന്‍ കലാഭവനിലൂടെ ഉത്സവപ്പറമ്പുകളിലേക്കും 'സിനിമാല'യിലൂടെ സ്വീകരണമുറികളിലേക്കും സുബി കടന്നുചെന്നു, പുരുഷന്മാര്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനിന്ന് 'കൗണ്ടറ'ടിച്ച് പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടി. 'കുട്ടിപ്പട്ടാളം' എന്ന ടി.വി. ഷോ സുബിയുടെ സ്വന്തം ഷോയായി.
അപരന്മാര്‍ നഗരത്തില്‍ എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തിയത്. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലെ സൈനബയും 'നഗര'ത്തിലെ സുഗന്ധവല്ലിയും 'ഞാനും എന്റെ ഫാമിലി'യിലെ അമ്മാളുവും 'ഡ്രാമ'യിലെ അമ്മിണിയും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ അഭിനയജീവിതത്തിന് അടിവരയിടുന്നുണ്ട്.
വിവാഹം സുബി സ്വപ്നംകണ്ടിരുന്നു. ''എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞ് ഒരാള്‍ ഒപ്പംകൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഫെബ്രുവരിയില്‍ വിവാഹം കഴിക്കണമെന്നു പറഞ്ഞാണ് നടക്കുന്നത്. ഏഴുപവന്റെ താലിമാലവരെ ബുക്ക് ചെയ്തിട്ടുണ്ട്...'' ഇനി ഓര്‍മയില്‍ ആ നിറഞ്ഞ ചിരി മാത്രം ബാക്കി.
Content Highlights: subi suresh death, family, struggles in life, opened about marriage, family