ഹൈദരാബാദിൽ പുനർജനിക്കുന്ന കാശി; വമ്പൻ സെറ്റ് ഒരുക്കി രാജമൗലി, ദൃശ്യവിസ്മയമാവാൻ 'വാരാണസി'

ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരനാണ് എസ്.എസ്. രാജമൗലി. ആഗോള വാണിജ്യ സിനിമാ രംഗത്ത് ഇന്ത്യയെ ഉന്നതികളിലെത്തിച്ച ബാഹുബലി എന്ന ചിത്രത്തിന്റെ സ്രഷ്ടാവ്. ഇപ്പോൾ തന്റെ പുതിയ സ്വപ്നപദ്ധതിയായ 'വാരാണസി'യിലൂടെ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്താൻ ഒരുങ്ങുകയാണ് അദ്ദേഹം. ബാഹുബലിയുടെ കാലംമുതൽക്കേ ചിത്രീകരണം നടക്കുന്ന തന്റെ സിനിമയുടെ സ്വകാര്യത നിലനിർത്താൻ രാജമൗലി ശ്രമിക്കാറുണ്ട്. വാരാണസിയും അതീവ രഹസ്യമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. എന്നാൽ, ഹൈദരാബാദിൽ അദ്ദേഹം പുനഃസൃഷ്ടിച്ച വാരാണസി നഗരത്തിന്റെ ചില ചിത്രങ്ങളും വിശേഷങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ടൈം ട്രാവൽ പശ്ചാത്തലത്തിൽ ഒരു സയൻസ് ഫിക്ഷൻ
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ടൈം ട്രാവലർ എപിക് ആണിത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ വാരാണസിയിലാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നായ കാശിയിൽതന്നെ ഈ സിനിമ ചിത്രീകരിക്കുകയെന്നത് അസാധ്യമാണ്. പ്രത്യേകിച്ചും രാജമൗലിയുടെ ചിത്രം. രംഗങ്ങളുടെ സ്വകാര്യതയും സംരക്ഷിക്കേണ്ടതുണ്ട്. ഇതിന് പരിഹാരമായാണ് രാജമൗലി ഹൈദരാബാദിലെ തുറസ്സായ സ്ഥലത്ത് സ്വന്തമായി ഒരു വാരാണസിതന്നെ നിർമിച്ചെടുത്തത്. വമ്പൻ സിനിമാ സെറ്റ് നിർമിച്ച് രാജമൗലി ബാഹുബലിയിൽ അത്ഭുതം തീർത്തത് നാമെല്ലാം കണ്ടതാണ്.
ഏകദേശം 700 അടി നീളത്തിലും 400 അടി വീതിയിലുമായി വ്യാപിച്ചുകിടക്കുന്ന കൂറ്റൻ സെറ്റാണ് നിർമിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ യഥാർഥ നഗരത്തെ ഏകദേശം കൃത്യമായാണ് ഇവിടെ പുനർനിർമിച്ചിരിക്കുന്നത്. യഥാർഥ വാരാണസിയുടെ വിശദമായ റഫറൻസ് ചിത്രങ്ങൾ ഉപയോഗിച്ചാണ് ഓരോ കെട്ടിടവും ഒരുക്കിയിരിക്കുന്നത്. വാരാണസിയിലെ പ്രശസ്തമായ രത്നേശ്വർ മഹാദേവ ക്ഷേത്രംപോലും അതിന്റെ ചെരിവുകൾ നിലനിർത്തി മാറ്റമില്ലാതെ ഇവിടെ പുനർനിർമിച്ചിട്ടുണ്ട്.
ത്രേതായുഗം മുതൽ 2027 വരെ
ചിത്രം വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ത്രേതായുഗം മുതൽ എ.ഡി. 2027 വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ വാരാണസിയെ സിനിമയിൽ കാണാൻ സാധിക്കും. കാലത്തിനനുസരിച്ച് നഗരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ ചിത്രീകരിക്കുന്നതിനായി പ്രത്യേക സാങ്കേതിക വിദ്യകൾ അണിയറ പ്രവർത്തകർ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം
ഇന്ത്യയിൽ ഇതുവരെ നിർമിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് വാരാണസി വിശേഷിപ്പിക്കപ്പെടുന്നത്. 2027 ഏപ്രിലിൽ റിലീസ് ചെയ്യാൻ പദ്ധതിയുണ്ട്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ പേരും ആദ്യ രൂപവും പുറത്തുവിട്ടത്. രാജമൗലിക്ക് മാത്രം സാധ്യമായ പ്രൗഢിയും സാങ്കേതിക തികവും ഒത്തുചേരുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Director S.S. Rajamouli has meticulously recreated the city of Varanasi on a massive scale in Hyderabad for his upcoming time-travel sci-fi epic starring Mahesh Babu, Priyanka Chopra, and Prithviraj Sukumaran.