ശ്രീനിവാസൻ പറഞ്ഞു പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; ഇന്ന് പോളണ്ടിൽ പാർട്ടി ഭരണഘടനാ വിരുദ്ധം

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

1991-ഒക്ടോബർ 30 ന് റിലീസ് ചെയ്ത ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം സിനിമയിൽ ആരും മറക്കാത്ത ഒരു സീൻ ഉണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റ് അതിന്റെ ജാള്യതയിൽ വീടിന്റെ പിറകുവശത്ത് കൂടെ വീട്ടിലെത്തുന്ന ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ.

തോൽവിയിൽ കളിയാക്കലുമായി അനുജൻ പ്രഭാകരൻ ഊൺമേശയ്ക്കരികെ ഇരുന്ന് വാതോരാതെ സംസാരിക്കുന്നു. അതിനിടയിലാണ് അമ്മ കവിയൂർ പൊന്നമ്മ ശ്രീനിവാസനെ അനുയിപ്പിച്ച് തീൻമേശയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്.

ഇതിനിടെ ചേട്ടനും അനുജനും തമ്മിലുള്ള തർക്കത്തിനിടെ പോളണ്ടിലെന്ത് സംഭവിച്ചുവെന്ന് പ്രഭാകരൻ ചോദിക്കുന്നുണ്ട്. പോളണ്ടിനെ പറ്റി നീയൊരക്ഷരം മിണ്ടരുത് എനിക്കത് ഇഷ്ടമില്ല എന്ന കോട്ടപ്പള്ളിയുടെ മറുപടി കേട്ട് അന്ന് കേരളം ചിരിച്ച് മടുത്തു. ഇന്നും പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന ഡയലോഗ് ഏറെ പ്രശസ്തവുമാണ്.

കാലങ്ങൾക്കിപ്പുറം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനാ ലംഘനം നടത്തിയെന്ന് രാജ്യം പ്രഖ്യാപിച്ച മാസത്തിൽ തന്നെയാണ് പോളണ്ടിനെ പറ്റി ഡയലോഗ് എഴുതിയ ശ്രീനിവാസൻ കഥകളും കഥാപാത്രങ്ങളും തമാശയുമില്ലാത്ത ലോകത്തേക്ക് മറഞ്ഞുപോയിരിക്കുന്നതും.

പോളണ്ടിലെ ഭരണഘടനാ ട്രൈബ്യൂണലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പോളണ്ട്(കെപിപി) ഭരണഘടനാ ലംഘനം നടത്തിയെന്ന് കണ്ടെത്തിയിരിക്കുന്നത്. 1918-ൽ സ്ഥാപിതമായ പോളിഷ് കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ ചരിത്രത്തിൽ നിന്നാണ് പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേരുകൾ കണ്ടെത്തുന്നത്. പോളിഷ്, ലിത്വാനിയൻ സോഷ്യൽ ഡെമോക്രസി പാർട്ടിയും പോളിഷ് സോഷ്യലിസ്റ്റ് ലെഫ്റ്റും ചേർന്നായിരുന്നു പാർട്ടി രൂപവത്കരിച്ചതും. 1925-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പോളണ്ട് എന്ന് പുനർനാമകരണം നടത്തി. 1938-ൽ കോമിന്റേൺ (1917-ലെ റഷ്യൻ വിപ്ലവത്തിന് ശേഷം വ്‌ളാദിമിർ ലെനിൻ മോസ്‌കോയിൽ രൂപവത്കരിച്ച അന്താരാഷ്ട്ര സംഘടന) പാർട്ടി പിരിച്ചുവിടാനും ഉത്തരവിട്ടു.

എന്നാൽ 1942-ൽ ഇടതുപക്ഷ പ്രവർത്തകർ പോളിഷ് വർക്കേഴ്‌സ് പാർട്ടി സ്ഥാപിച്ചു.പിന്നീടത് 1948-ൽ പോളിഷ് സോഷ്യലിസ്റ്റ് പാർട്ടിയുമായി ലയിച്ച് 1989 വരെ ഭരണത്തിലിരുന്ന പോളിഷ് യുണൈറ്റഡ് വർക്കേഴ്‌സ് പാർട്ടി രൂപവത്കരിച്ചു. 1989-ലെ തിരഞ്ഞെടുപ്പിന് ശേഷം 1990-ൽ വീണ്ടും പിരിച്ചുവിടപ്പെടുകയും ചെയ്തു.

2002-ൽ, പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങൾ വീണ്ടും സ്ഥാപിതമായതായി പ്രഖ്യാപിച്ചു, 1948-1989 കാലഘട്ടത്തിലെ ഭരണ കക്ഷിയായ യുണൈറ്റഡ് വർക്കേഴ്‌സ് പാർട്ടിയേക്കാൾ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും, ഈ പാർട്ടിക്ക് ഒരിക്കലും പാർലമെന്ററി സീറ്റുകൾ നേടാൻ കഴിഞ്ഞിട്ടില്ല, പൊതുജനങ്ങളിൽ വലിയ സ്വാധീനവുമില്ല.

ഇതിനുശേഷം അഞ്ചു വർഷം മുമ്പാണ് മുൻ നീതിന്യായ മന്ത്രിയും പ്രോസിക്യൂട്ടർ ജനറലുമായ സിഗ്‌നിവ് സിയോബ്രോ പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭരണഘടനാ ട്രൈബ്യൂണലിന് അപേക്ഷ നൽകിയത്. 2025 നവംബറിൽ, നിലവിലെ പോളിഷ് പ്രസിഡന്റ് കരോൾ നാവ്‌റോക്കി സമാനമായ ഒരു മറ്റൊരു അഭ്യർഥനയും സമർപ്പിച്ചു.

പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 20-ാം നൂറ്റാണ്ടിലെ മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി സമാനമായ ലക്ഷ്യങ്ങളുണ്ട്, ഇതിൽ സോവിയറ്റ് മാതൃകയിലുള്ള സ്വേച്ഛാധിപത്യ ഭരണം അടിച്ചേൽപ്പിക്കാനും നടപ്പിലാക്കാനുമുള്ള ശ്രമങ്ങളും ഉൾപ്പെടുന്നുമായിരുന്നു ട്രൈബ്യൂണലിന് നൽകിയ പ്രസ്താവനയിൽ പ്രസിഡന്റ് നവ്‌റോക്കി പറഞ്ഞിരുന്നത്.

കമ്മ്യൂണിസം അടിസ്ഥാന മാനുഷിക മൂല്യങ്ങളെയും യൂറോപ്യൻ പാരമ്പര്യങ്ങളെയും ക്രിസ്ത്യൻ നാഗരികതയെയും ലംഘിക്കുന്നു എന്നും നവ്‌റോക്കി അന്ന് ഊന്നിപ്പറഞ്ഞു. ഡിസംബർ മൂന്നിന് നടന്ന ഹിയറിംഗിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പോളണ്ട് പോളിഷ് ഭരണഘടനയുടെ ആർട്ടിക്കിൾ 11, 13 എന്നിവ ലംഘിക്കുന്നതായും ഭരണഘടനാ ട്രൈബ്യൂണൽ വിധിച്ചു.

എല്ലാ പോളിഷ് പൗരന്മാരും ഭരണഘടനാ തത്വങ്ങൾ പാലിക്കണം, പോളണ്ട് ജനാധിപത്യപരമായി ഭരിക്കപ്പെടണം എന്ന ആവശ്യകതകളും ഇവയിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ നാസിസം, ഫാസിസം, കമ്മ്യൂണിസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം, പല രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടികളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയോ നിയമം മൂലം നിരോധിക്കുകയോ ചെയ്തിരുന്നു. ജോർജിയ 2010-ൽ കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾ നിരോധിക്കുന്ന നിയമം കൊണ്ടുവന്നു.

2015 ൽ യുക്രൈൻ കമ്മ്യൂണിസ്റ്റ് പ്രചരണത്തെയും ചിഹ്നങ്ങളെയും നിരോധിക്കുന്ന നിയമങ്ങൾ പാസാക്കി. 2025 ജൂലായിയിൽ ചെക്ക് റിപ്പബ്ലിക് കമ്മ്യൂണിസം പ്രോത്സാഹിപ്പിക്കുന്നത് നാസിസം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു; നിയമം 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

നിലവിൽ, ചൈന, ക്യൂബ, ലാവോസ്, ഉത്തര കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിൽ തുടരുന്നുണ്ട്. കൊറിയൻ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയും ഏതെങ്കിലും തരത്തിലുള്ള കമ്മ്യൂണിസ്റ്റ് പ്രചാരണത്തെ നിരോധിച്ചിട്ടുണ്ട്.

എന്നാൽ അമേരിക്കയിലും റഷ്യയിലും കമ്മ്യൂണിസ്റ്റ് പാർട്ടികളും കമ്മ്യൂണിസ്റ്റ് പ്രചാരണവും ഇപ്പോഴും നിയമപരമാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, റഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചെങ്കിലും, 1993 ഫെബ്രുവരിയിൽ അത് പുനഃസ്ഥാപിക്കപ്പെടുകയും ഒരു പ്രധാന പ്രതിപക്ഷ പാർട്ടിയായി നിലകൊള്ളുകയും ചെയ്തു.

Content Highlights: Remember Sreenivasan`s famous `Don`t talk about Poland` line from `Sandesham`? Now, Poland`s Communist Party is constitutionally banned. Explore the irony.