മലയാളിയെ ചിരിയിലൂടെ ചികിത്സിച്ച കലാകാരൻ; ചാക്യാരെപ്പോലെ ഒരാൾ

#ശ്രീകാന്ത് കോട്ടയ്ക്കല്‍
ശ്രീനിവാസന്‍.|Photo: Mathrubhumi
ശ്രീനിവാസന്‍.|Photo: Mathrubhumi

സീബ്ര എന്ന വരയൻകുതിരയെക്കണ്ട് അജ്ഞാതനായ ഏതോ സഞ്ചാരി ചോദിച്ചുവത്രേ: 'നീ കറുത്തവരകളുള്ള വെളുത്തകുതിരയോ അതോ വെളുത്തവരകളുള്ള കറുത്തകുതിരയോ?' ആലോചനാശീലനായ മലയാളി ശ്രീനിവാസനെക്കുറിച്ചും എന്നും ഇത്തരത്തിലുള്ള ഒരു ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു: 'ശ്രീനിവാസൻ നടനായ തിരക്കഥാകൃത്തോ, അതോ തിരക്കഥാകൃത്തായ നടനോ?'

സീബ്രയുടെ കാര്യത്തിലെന്നപോലെ ശ്രീനിവാസന്റെ കാര്യത്തിലും ഒരു തീരുമാനമായില്ല. നടനും തിരക്കഥാകൃത്തുമായി ശ്രീനിവാസൻ ദീർഘകാലം മലയാളിയുടെ ആസ്വാദന-ബോധ മേഖലകളിലൂടെ സഞ്ചരിച്ചു. കൂത്തിലെ ചാക്യാരുടെയും എഴുത്തിലെ സഞ്ജയന്റെയും വി.കെ.എന്റെയും സംസ്‌കൃതമായഫലിതത്തിന്റെ ശ്രേണിയിൽ ഏറ്റവും ജനപ്രീതിനേടിയ മാധ്യമമായ സിനിമയിലൂടെ ശ്രീനിവാസനും ഇടംപിടിച്ചു.

പി.എ. ബക്കറിന്റെ 'മണിമുഴക്കം' എന്ന സിനിമയിലൂടെ നടനായിട്ടാണ് സിനിമയിൽ അരങ്ങേറ്റമെങ്കിലും ശ്രീനിവാസനെ മലയാളവും മലയാളിയും എക്കാലവും ഓർക്കുക എണ്ണംപറഞ്ഞ തിരക്കഥകളിലൂടെയാവും. നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, വെള്ളാനകളുടെ നാട്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, വരവേല്പ്, ടി.പി. ബാലഗോപാലൻ എം.എ., പാവം പാവം രാജകുമാരൻ, തലയണമന്ത്രം, സന്ദേശം, മിഥുനം, ഞാൻ പ്രകാശൻ... ശ്രീനിവാസനെഴുതിയ ഈ സിനിമകൾ മലയാളികണ്ട് ആസ്വദിക്കുക മാത്രമായിരുന്നില്ല, ഒപ്പം സ്വന്തം മുഖവും മനോവിചാരങ്ങളും കണ്ണാടിയിലെന്നപോലെ അവയിൽ കാണുകകൂടിയായിരുന്നു. ഈ സിനിമാരചനകളെ മാറ്റിനിർത്തി കഴിഞ്ഞ അൻപതുവർഷത്തെ മലയാളിജീവിതത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല.

കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിൽ ജനിച്ച ശ്രീനിവാസനിൽ കലയെക്കാളുംമുൻപേ ഒരുപക്ഷേ, കമ്യൂണിസമാവും കലർന്നിട്ടുണ്ടാവുക. പാട്യം ഗോപാലനായിരുന്നു ശ്രീനിവാസന്റെ ഗുരു. 'എംഎ കഴിഞ്ഞുനിൽക്കുന്ന കാലത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. മാന്യമായി സംസാരിക്കും. ഞങ്ങളുടെ സ്ഥലത്തെ പാർട്ടി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. പാരമ്പര്യവും പ്രായവുമുള്ള ധാരാളം നേതാക്കൾ ഉണ്ടായിരുന്നെങ്കിലും പാട്യം ഗോപാലന് പാർട്ടിയിലും ജനങ്ങൾക്കിടയിലും പ്രത്യേകസ്ഥാനമുണ്ടായിരുന്നു. ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള വ്യക്തിപ്രഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങൾതമ്മിൽ സംസാരിച്ചിട്ടുണ്ട്. പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. മുതിർന്നതോടെ എനിക്ക് രാഷ്ട്രീയത്തിൽ താത്പര്യമില്ലാതായി. രാഷ്ട്രീയത്തിലെ പലകാര്യങ്ങളോടും എനിക്ക് യോജിക്കാനായില്ല. നിഷ്പക്ഷമായ സമീപനമാണ് നല്ലതെന്നുതോന്നി. അന്ന് രാഷ്ട്രീയത്തിൽ താത്പര്യമെടുത്തിരുന്നെങ്കിൽ എന്റെ വഴി മറ്റൊന്നായിമാറുമായിരുന്നു' -അപൂർണമായ ഒരു ആത്മകഥാക്കുറിപ്പിൽ ശ്രീനിവാസൻ ഇങ്ങനെ എഴുതി.

ഇത്തരത്തിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ ചുറ്റുപാടുകളിൽനിന്നാണ് ശ്രീനിവാസനിലെ തിരക്കഥാകൃത്ത് ജനിക്കുന്നത്. സമൂഹത്തിന്റെയും വ്യക്തിയുടെയും മനോമണ്ഡലങ്ങളുടെ ആഴങ്ങളിലാണ് അദ്ദേഹത്തിന്റെ കണ്ണുകൾ തറഞ്ഞത്. തനിക്കുതന്നെ ഉത്തരംകിട്ടാത്ത ചില സ്വയംചോദ്യങ്ങളിൽനിന്നാണ് തന്റെ സിനിമകളെല്ലാം ഉണ്ടായതെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. കൃത്യസമയത്ത് ഓഫീസിൽ പോവുകയും കൃത്യസമയത്ത് തിരിച്ചെത്തുകയും ചെയ്യുന്ന ഭർത്താവിനെയാണോ, അതോ അല്പം ചില പിരാന്തുകളുള്ള ഭർത്താവിനെയാണോ സ്ത്രീകൾ ഇഷ്ടപ്പെടുക എന്ന ഒറ്റച്ചോദ്യത്തിൽനിന്നാണ് ചിന്താവിഷ്ടയായ ശ്യാമള പിറന്നത്. തനിക്കൊപ്പം താമസിച്ചിരുന്ന ഒരു സുഹൃത്തിന്റെ ജീവിതമാണ് വടക്കുനോക്കിയന്ത്രമായത്. തലയണമന്ത്രവും മലയാളിയുടെ മനോരോഗങ്ങളാണ് തുറന്നുകാട്ടിയത്. കമ്യൂണിസ്റ്റ് പാർട്ടിയെയും കോൺഗ്രസ്സിനെയും അവയുടെ പ്രവർത്തനങ്ങളെയും ഇന്നും നിർത്തിപ്പൊരിക്കുന്നുണ്ട് 'സന്ദേശം'. രാഷ്ട്രീയാവസ്ഥകളിലൊന്നും ഇപ്പോഴും വലിയ മാറ്റങ്ങളില്ലാത്തതുകൊണ്ട് ഈ സിനിമകൾ ഇപ്പോൾ കാണുമ്പോഴും തത്പരകക്ഷികൾക്ക് (affected parties) കലിവരുന്നു. ശ്രീനിവാസൻ എന്ന സാമൂഹികനിരീക്ഷകന്റെയും എഴുത്തുകാരന്റെയും വിജയമാണത് (സന്ദേശം എഴുതിയകാലത്ത് ഇല്ലാതിരുന്ന രണ്ടു പ്രതിഭാസങ്ങൾ ബിജെപിയും സാർവത്രികമായ അഴിമതിയുമാണ് എന്ന് ശ്രീനിവാസൻ പിന്നീട് പറഞ്ഞിട്ടുണ്ട്).

മറ്റൊരു ജീവിതവും (alternate life) മറ്റൊരു രാഷ്ട്രീയവും മറ്റൊരു വ്യവസ്ഥിതിയും സദാതേടുന്ന ഒരു മനസ്സായിരുന്നു ശ്രീനിവാസന്റേത്. വെള്ളാനകളുടെ നാട്, വരവേല്പ് തുടങ്ങിയ സിനിമകളുടെ കാര്യത്തിലായാലും ജൈവകൃഷിയിലേക്കുള്ള പരിണാമത്തിന്റെ കാര്യത്തിലായാലും അലോപ്പതിയിലെ ചതിക്കുഴികളെക്കുറിച്ചുള്ള ആത്മരോഷംകൊള്ളലിന്റെ കാര്യത്തിലായാലും ട്വന്റി ട്വന്റിക്കുവേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനത്തിന്റെ കാര്യത്തിലായാലും കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളെക്കുറിച്ചുള്ള കടുത്തപരാമർശങ്ങളുടെ കാര്യത്തിലായാലും കൂടുതൽ നല്ലൊരു ലോകം തേടിയുള്ള തിരയൽ ശ്രീനിവാസനിലുണ്ടായിരുന്നു. ഏറ്റവും അടുപ്പമുള്ളവർക്കുപോലും അത് മനസ്സിലാക്കാൻ സാധിച്ചുവോ എന്നകാര്യം സംശയമാണ്. ഒരു ജീനിയസിന്റെ ജീവിതത്തിലും ചിന്തയിലുമുള്ള എല്ലാതരത്തിലുള്ള ക്രമഭംഗങ്ങളും ശ്രീനിവാസനിലുണ്ടായിരുന്നു. അതായിരുന്നു യഥാർഥത്തിൽ അദ്ദേഹത്തിന്റെ സർഗാത്മകതയുടെ വളം (ശ്രീനിവാസൻ ഒരു ജീനിയസാണ് എന്ന് പലവേദികളിലും പറയുമായിരുന്നു സത്യൻ അന്തിക്കാട്. ഒരിടത്തുവെച്ച് ശ്രീനിവാസൻ അന്തിക്കാടിനോട് പറഞ്ഞു: ''നിങ്ങൾക്ക് ഞാൻ ജീനയസാണ് എന്നു പറഞ്ഞുപോയാൽ മതി. ജീനിയസായി ജീവിക്കാനുള്ള പാട് മുഴുവൻ എനിക്കാണ്. അതുകൊണ്ട് ഇനിയിത് പറയരുത്).

മലയാളിജീവിതം ഒരു ലബോറട്ടറിയാണെങ്കിൽ അതിൽ നിരന്തരജാഗ്രതയോടെ ജീവിച്ച ഒരു ശാസ്ത്രജ്ഞനായിരുന്നു ശ്രീനിവാസൻ. ചിരിയിലൂടെയാണ് ശ്രീനിവാസൻ നമ്മെ ചികിത്സിച്ചത്. മലയാളിയെ പരിഹസിച്ച് പരിഹസിച്ച് പവിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു ഈ എഴുത്തുകാരൻ.

പി. കുഞ്ഞിരാമൻ നായരുടെ കവിതകളെക്കുറിച്ച് ഒരു നിരീക്ഷണമുണ്ട്: വരുംകാലത്തെപ്പോഴെങ്കിലും കേരളത്തെ കടലെടുക്കുകയും പിന്നീട് നമുക്കതിനെ പുനർനിർമിക്കുകയും വേണമെങ്കിൽ കുഞ്ഞിരാമൻനായർക്കവിതയെ റഫറൻസാക്കിയാൽ മതി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളിലെ മലയാളിയുടെ സാമൂഹികജീവിതത്തെയും ചിന്തകളെയും വരുംകാലങ്ങളിലെപ്പോഴെങ്കിലും പുനർനിർമിക്കണമെങ്കിൽ ശ്രീനിവാസൻ എഴുതിയ തിരക്കഥകൾ വായിച്ചാൽമതി, അതിലുണ്ട് നമ്മൾ.

Content Highlights: Explore the legacy of Sreenivasan, the iconic Malayalam actor and screenwriter. Discover his satirical genius, impactful stories, and contribution to cinema.