ആർ.ഡി.എക്സിന് പിന്നാലെ പെപ്പെയും സോഫിയ പോളും വീണ്ടും ഒന്നിക്കുന്നു; ചിത്രമൊരുങ്ങുന്നത് വൻ ബജറ്റിൽ

ആന്റണി വർഗീസ്, സോഫിയ പോൾ | photo: facebook/antony varghese, instagram/sofia paul
ആന്റണി വർഗീസ്, സോഫിയ പോൾ | photo: facebook/antony varghese, instagram/sofia paul

ആർ.ഡി.എക്സിൻ്റെ തകർപ്പൻ വിജയത്തിന് ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു.  ആന്റണി വർഗീസ് ആണ് ചിത്രത്തിലെ നായകൻ. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സംവിധായകൻ എസ്. ആർ. പ്രഭാകരൻ, സലീൽ - രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് അജിത് മാമ്പള്ളി. 

കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ചിത്രം. ആർ.ഡി.എക്സ് പോലെ വിശാലമായ ക്യാൻവാസ്സിൽ, വലിയമുടക്കുമുതലിലൂടെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിത്. വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. താര നിർണ്ണയം പൂർത്തിയായി വരികയാണ്. 

റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം - പശ്ചാത്തല സംഗീതം- സാം സി. എസ്, ഛായാഗ്രഹണം - ജിതിൻ സ്റ്റാൻ സിലോസ്, കലാസംവിധാനം -മനു ജഗത്, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ അഹമ്മദ്, നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്.

സെപ്റ്റംബർ പതിനാറ് ശനിയാഴ്ച്ച കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ചിത്രത്തിന് ആരംഭം കുറിക്കും. ഒക്ടോബറിൽ ചിത്രീകരണമാരംഭിക്കാനിരിക്കുന്ന സിനിമ രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂർത്തിയാകും, പി.ആർ.ഒ -വാഴൂർ ജോസ്.

Content Highlights: sophia paul antony varghese movie after rdx