‘ആ ജീവനക്കാർ നിസ്സഹായരാണ്, ലഭിക്കുന്ന സന്ദേശങ്ങൾ നൽകുക മാത്രമാണ് അവർ ചെയ്യുന്നത്’; ഇൻഡിഗോ വിഷയത്തിൽ സോനു സൂദ്

#മൂവി ഡെസ്ക്
സോനു സൂദ് | ഫോട്ടോ: AFP
സോനു സൂദ് | ഫോട്ടോ: AFP

ൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അനിശ്ചിതാവസ്ഥയിൽ പ്രതികരണങ്ങളുമായി ബോളിവുഡ് താരങ്ങളും. യാത്ര മുടങ്ങിയതിൽ രോഷാകുലരായ യാത്രക്കാർ ഗ്രൗണ്ട് സ്റ്റാഫിനെ അധിക്ഷേപിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണിത്. ഈ ജീവനക്കാരോട് ഇങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നടൻ സോനു സൂദ്. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഫോളോവർമാരോട് അഭ്യർത്ഥനയുമായെത്തിയത്.

കഴിഞ്ഞ നാല് ദിവസത്തിനിടയിൽ 1,000-ൽ അധികം ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. മണിക്കൂറുകളോളമാണ് യാത്രക്കാർ കുടുങ്ങിയത്. ഇതിനിടെയാണ് വീഡിയോ സന്ദേശവുമായി സോനു സൂദ് എത്തിയത്. യാത്രക്കാരോട് ക്ഷമയോടെയിരിക്കാൻ അഭ്യർത്ഥിച്ച അദ്ദേഹം ഇത്തരം സാഹചര്യങ്ങളിൽ ഗ്രൗണ്ട് സ്റ്റാഫ് നിസ്സഹായരാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ഒരു വിമാനം വൈകുന്നത് നിരാശാജനകമാണ്, പക്ഷേ അത് പരിഹരിക്കാൻ ശ്രമിക്കുന്ന മുഖങ്ങൾ ഓർക്കുക. ഇൻഡിഗോ സ്റ്റാഫിനോട് ദയയും വിനയവും കാണിക്കുക. റദ്ദാക്കലുകളുടെ ഭാരവും അവർ വഹിക്കുന്നുണ്ട്. നമുക്ക് അവരെ പിന്തുണയ്ക്കാം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 

"എൻ്റെ കുടുംബവും വിമാനത്താവളത്തിൽ കുടുങ്ങിയ ആയിരക്കണക്കിന് ആളുകളിൽപ്പെട്ടവരായിരുന്നു. അവർക്ക് വിമാനത്താവളത്തിൽ കാലതാമസവും നീണ്ട കാത്തിരിപ്പും നേരിടേണ്ടി വന്നു. അവരുടെ വിമാനത്തിനായി അവർക്ക് 4-5 മണിക്കൂറിൽ കൂടുതൽ കാത്തിരിക്കേണ്ടി വന്നു. ധാരാളം മീറ്റിംഗുകൾ റദ്ദാക്കപ്പെട്ടെന്നും പലർക്കും പ്രധാനപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും എനിക്കറിയാം... എല്ലാവർക്കും വേദനയും നിരാശയുണ്ട്.

എന്നാൽ ഗ്രൗണ്ട് സ്റ്റാഫിൻ്റെ സ്ഥാനത്ത് നിങ്ങളെ സങ്കൽപ്പിക്കുക. അവർ നിസ്സഹായരാണ്. അവർക്ക് ലഭിക്കുന്ന സന്ദേശങ്ങൾ മാത്രമേ അവർ ആശയവിനിമയം നടത്തുന്നുള്ളൂ. അപ്പോൾ എന്തിന് അവരോട് പ്രതികരിക്കണം? ഈ വിഷമ ഘട്ടത്തിൽ അവരെ പിന്തുണയ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, കാരണം അവർ നിസ്സഹായരാണ്." -സോനു സൂദ് കൂട്ടിച്ചേർത്തു.

ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെയുണ്ടായ പൈലറ്റുമാരുടെ ക്ഷാമമാണ് സർവീസുകളെ താളം തെറ്റിച്ചത്. അതേസമയം ഇൻഡിഗോ വിമാനസർവീസുകൾ രാജ്യത്താകെ അവതാളത്തിലായതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാൻ നടപ്പാക്കിയ പുതിയ ഡ്യൂട്ടി ചട്ടത്തിൽ ഇൻഡിഗോയ്ക്ക്‌ കേന്ദ്രസർക്കാർ താത്‌കാലിക ഇളവ്‌ അനുവദിച്ചിട്ടുണ്ട്. 

Content Highlights: IndiGo Flight Disruptions: Understanding the Airport Chaos and Passenger Frustration. Sonu Sood urges patience with ground staff.