‘ജീവന്റെ ജീവനെ നഷ്ടമായി’; 10 മാസം പ്രായമുള്ള പേരക്കുട്ടിയുടെ വേർപാടിൽ മനംനൊന്ത് ഗായകൻ സ്‌നൂപ് ഡോഗ്

#Entertainment Desk
സ്നൂപ് ഡോഗ്, പേരക്കുട്ടിയുടെ മരണത്തിന് പിന്നാലെ സ്നൂപ് ഡോഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുടുംബചിത്രം | Photos: facebook.com/snoopdogg
സ്നൂപ് ഡോഗ്, പേരക്കുട്ടിയുടെ മരണത്തിന് പിന്നാലെ സ്നൂപ് ഡോഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുടുംബചിത്രം | Photos: facebook.com/snoopdogg

പ്രശസ്ത യുഎസ് റാപ്പറും ഗായകനുമായ സ്‌നൂപ് ഡോഗിന്റെ (കാൽവിൻ കോർഡോസർ ബ്രോഡസ് ജൂനിയർ) പേരക്കുട്ടി മരിച്ചു. സ്‌നൂപ് ഡോഗിന്റെ മകൾ കോറി ബ്രോഡസിന്റെ പത്ത് മാസം പ്രായമുള്ള മകൾ കോഡി ഡ്രിയുക്‌സാണ് മരിച്ചത്. കോറി ബ്രോഡസാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. ജനുവരി 26-നായിരുന്നു കോഡിയുടെ അന്ത്യം.

ഇൻസ്റ്റഗ്രാം സ്‌റ്റോറിയായാണ് ഹൃദയഭേദകമായ വാർത്ത കോറി പങ്കുവെച്ചത്. 'തിങ്കളാഴ്ച, എന്റെ ജീവന്റെ ജീവൻ എനിക്ക് നഷ്ടമായി. എന്റെ കോഡീ...' ഇതായിരുന്നു കോറി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്. കുഞ്ഞിനെയും എടുത്തുനിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും അവർ ഒപ്പം ചേർത്തിരുന്നു. പിന്നാലെ സ്‌നൂപ് ഡോഗ് ഒരു കുടുംബ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തന്റെ രണ്ട് ആൺമക്കൾക്കും കോറിക്കും ഒപ്പമുള്ള ചിത്രമായിരുന്നു ഇത്. ഒന്നും കുറിക്കാതെയുള്ള വൈകാരികമായ ഈ പോസ്റ്റിന് താഴെ നിരവധി ആരാധകർ കോഡിക്ക് ആദരാഞ്ജലിയർപ്പിച്ച് കമന്റുകളിട്ടു.

കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കോറിക്കും പ്രതിശ്രുതവരൻ വെയ്ൻ ഡിയൂസിനും പെൺകുഞ്ഞ് പിറന്നത്. പ്രതീക്ഷിച്ചതിലും മൂന്ന് മാസം മുമ്പായിരുന്നു കോഡിയുടെ ജനനം. മാസം തികയാതെ പിറന്നുവീണ അന്ന് മുതൽ നവജാതശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്ന (എൻഐസിയു) കുഞ്ഞ് കോഡി കേവലം 20 ദിവസം മുമ്പ് മാത്രമാണ് വീട്ടിലേക്കെത്തിയത്. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

കോറിയുടേയും വെയ്നിന്റേയും ഇൻസ്റ്റഗ്രാം സ്റ്റോറികൾ

കോഡിയുടെ പിതാവ് വെയ്ൻ ഡിയൂസും വൈകാരികമായ കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. 'കോഡി ഡ്രിയുക്‌സ്, നീ വിട്ടുപോയതിന് ശേഷം ഞാൻ അതീവ ദുഃഖിതനാണ്. പക്ഷേ നീ ശാന്തതയിലാണെന്ന് എനിക്കറിയാം. ഡാഡി നിന്നെ എല്ലായ്‌പ്പോഴും സ്‌നേഹിക്കുന്നു...' -ഇതാണ് വെയ്ൻ കുറിച്ചത്.

തഗ് ലൈഫ് ട്രോളുകളിലൂടെ പ്രശസ്തമായ 'ദി നെക്സ്റ്റ് എപ്പിസോഡ്' എന്ന ഗാനത്തിലൂടെയാണ് സ്‌നൂപ് ഡോഗ് മലയാളികൾക്ക് ഉൾപ്പെടെ ഇടയിൽ കൂടുതൽ പ്രചാരം നേടുന്നത്. സ്‌നൂപ് ഡോഗിന്റേയും ഭാര്യ ഷാന്റെ ബ്രോഡസിന്റേയും ഇളയ മകളാണ് കോറി.

Content Highlights: Cori Broadus, the daughter of legendary American rapper Snoop Dogg, has shared the heartbreaking news of the passing of her 10-month-old daughter, Codi Dreaux. Codi was born three months premature in February 2025 following a high-risk pregnancy. After spending 10 months in the Neonatal Intensive Care Unit (NICU), she was brought home on January 6, 2026, but tragically passed away just 20 days later.