അതിജീവിതയുടെ മാനസികാവസ്ഥയേക്കാൾ വലുതാണോ ക്രിമിനലുകളുടെ പ്രായവും കുടുംബവും?- സ്നേഹ ശ്രീകുമാർ

സ്നേഹ ശ്രീകുമാർ
സ്നേഹ ശ്രീകുമാർ

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് ഇരുപതുവർഷം തടവുശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി നടി സ്നേഹ ശ്രീകുമാർ. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കേണ്ടിയിരുന്നുവെന്നും അഞ്ചുലക്ഷമല്ല, അഞ്ചുകോടി കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്നേഹ പറഞ്ഞു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്നേഹ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

പ്രതികളുടെ പ്രായവും കുടുംബവും പരിഗണിക്കുമ്പോൾ അതിജീവിതയ്ക്ക് യാതൊരു പരിഗണനയും കൊടുക്കുന്നില്ലെന്നും സ്നേഹ കുറിച്ചു. അതിജീവിതയുടെ പ്രായവും കുടുംബവും മാനസികാവസ്ഥയും നമ്മുടെ വ്യവസ്ഥയിൽ വലുതല്ലേയെന്നും അതിനേക്കാൾ വലുതാണോ ക്രിമിനലുകളായ ആറുപേരുടെ പ്രായവും കുടുംബവുമെന്നും സ്നേഹ ചോദിക്കുന്നു. 

സ്നേഹയുടെ കുറിപ്പിലേക്ക്..

പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവർക്കു ഭാര്യയുണ്ട് മക്കളുണ്ട്,,കഷ്ടം അനുഭവിക്കേണ്ടിവന്ന പെൺകുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല, അത്തരം ഒരു പരിഗണയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വർഷങ്ങളായി മാറാതെ നിൽക്കുന്ന അവരുടെ മാനസികാവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയിൽ വലുതല്ലേ??? അതിനേക്കാൾ വലുതാണോ ഇത്രയും ക്രിമിനലുകൾ ആയ 6പേരുടെ പ്രായവും കുടുംബവും??? അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇതിൽ പൂർണമായും നീതി കിട്ടിയെന്നു എങ്ങിനെ പറയാൻ സാധിക്കും? പ്രതികൾക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ മാത്രമല്ലെ നമുക്ക് പറ്റു... 5 ലക്ഷം അല്ല കോടികൾ കൊടുത്താലും അവൾ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകൾക്ക് പകരം ആകില്ല.. കുറഞ്ഞപക്ഷം പരമാവധി ശിക്ഷ എങ്കിലും അവർക്കു കിട്ടേണ്ടത് ആയിരുന്നു. ..

പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ആണ് ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ് വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബപശ്ചാത്തലം, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞത്.

പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടാംപ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നാണ് അന്ന് വിധി പുറത്തുവന്നതിനുപിന്നാലെ പാര്‍വതി കുറിച്ചത്.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ വിധിവരുന്നത് സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.

Content Highlights: Actress Sneha Sreekumar expresses disappointment over the 20-year sentence for convicts in the actress assault case,