‘സഞ്ജു ചേട്ടാ,നിങ്ങൾ തമിഴ്നാട്ടിൽ ബ്ലോക്ക്ബസ്റ്ററായി’;ധോനിയെ സാക്ഷിയാക്കി സഞ്ജുവിനോട് ശിവകാർത്തികേയൻ

#Movies Desk
സഞ്ജു സാംസൺ, ശിവകാർത്തികേയൻ | Photo: Screen grab/ YouTube: Chennai Super Kings
സഞ്ജു സാംസൺ, ശിവകാർത്തികേയൻ | Photo: Screen grab/ YouTube: Chennai Super Kings

ഇന്ത്യൻ പ്രീമിയൽ ലീഗ് (ഐപിഎൽ) ടീം ചെന്നൈ സൂപ്പർകിങ്‌സിന്റെ മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് നടൻ ശിവകാർത്തികേയൻ. കേരളത്തിൽനിന്നുവന്ന സഞ്ജു തമിഴ്‌നാട്ടിൽ ബ്ലോക്ക്ബസ്റ്ററായി മാറിയെന്ന് ശിവകാർത്തികേയൻ പറഞ്ഞു. ടീമിന്റെ ചെന്നൈയിലെ ആരാധക സംഗമത്തിലെ വാക്കുകൾ വലിയ ആരവത്തോടെയാണ് ആരാധകർ എതിരേറ്റത്. ചെന്നൈയുടെ പ്രധാനമുഖവും മുൻ നായകനുമായ മഹേന്ദ്രസിങ് ധോനിയേയും അദ്ദേഹം പ്രശംസകൊണ്ട് മൂടി.

'സഞ്ജു ചേട്ടാ, കേരളവും തമിഴ്‌നാടും തമ്മിലെ ആത്മബന്ധം നിങ്ങൾക്ക് അറിയാം. കേരളത്തിൽനിന്ന് ഇവിടെവന്ന മലയാളം ചിത്രങ്ങൾ ഹിറ്റായി. നായികമാർ സൂപ്പർഹിറ്റായി. ഇപ്പോൾ കേരളത്തിൽനിന്ന് വന്ന ക്രിക്കറ്റർ, നിങ്ങൾ ബ്ലോക്ക്ബസ്റ്ററായി. അടിപൊളി', എന്നായിരുന്നു സഞ്ജുവിനോട് ശിവകാർത്തികേയൻ പറഞ്ഞത്. ചെറുചിരിയോടെയാണ് സഞ്ജു ശിവകാർത്തികേയന്റെ വാക്കുകൾ കേട്ടത്.

'എല്ലാവരേയും പോലെ ക്രിക്കറ്റിൽ താങ്കളെ ആരാധിക്കുന്നു. അതിലുപരിയായി നേതൃപാടവത്തേയും ആരാധിക്കുന്നു. കോടിക്കണക്കിനുപേരെ നിങ്ങൾ പ്രചോദിപ്പിക്കുന്നു, ഞാനും അതിൽ ഒരാളാണ്. ചെപ്പോക്കിൽനിന്ന് 25 കിലോമീറ്റർ അപ്പുറത്ത് ഇസിആറിലാണ് ഞാൻ താമസിക്കുന്നത്. ചെപ്പോക്കിൽ മൈതാനത്ത് നിങ്ങൾ ഇറങ്ങുമ്പോൾ കാണികളുടെ ആരവം എനിക്ക് ഇസിആറിൽ കേൾക്കാം', ധോനിയോട് അദ്ദേഹം പറഞ്ഞു. ധോനി തുടർന്നും എല്ലാവർഷങ്ങളിലും ടീമിലുണ്ടാവണമെന്നും ശിവകാർത്തികേയൻ ആഗ്രഹം പ്രകടിപ്പിച്ചു.

Content Highlights: Sivakarthikeyan calls Sanju Samson a blockbuster in Tamil Nadu, Actor highlights the cultural connection between Kerala and Tamil Nadu, Emotional tribute to MS Dhoni's leadership and impact on fans, Highlight of the CSK fan event in Chennai