തെലുങ്കില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാളി താരമായി ദുല്‍ഖര്‍

'സീതാരാമ'ത്തിലൂടെ തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫിസ് കളക്ഷന്‍ 50 കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി 50 കോടി നേടുന്നത് ഇത് ആദ്യമാണ്. 'സീതാരാമ'ത്തിലൂടെ തെലുങ്കില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.
'സീതാരാമ'ത്തിലൂടെ അമേരിക്കയിലും ദുല്‍ഖര്‍ സല്‍മാന്‍ സൃഷ്ടിച്ചത് വന്‍ചലനമാണ്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യുഎസ്എ ബോക്സ്ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 'സീതാരാമ'ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു 'സീതാരാമം' ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ തമിഴ്നാട്ടിലും വിദേശ രാജ്യങ്ങളിലും യുഎഇയിലും മികച്ച പ്രതികരണം നേടിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: sita ramam box office collection, Dulquer Salmaan creates History, Mrunal Thakur, Reshmika Mandana