ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കരുതുന്നത് വിഡ്ഢിത്തം- ഗായിക സുനിത

#Movies Desk
സുനിത ഉപദ്രസ്ത | Photo: Sunitha Upadrasta
സുനിത ഉപദ്രസ്ത | Photo: Sunitha Upadrasta

സ്ത്രീപക്ഷവാദത്തെക്കുറിച്ച് വിവാദപരാമർശവുമായി തെലുങ്ക് ഗായിക സുനിത ഉപദ്രസ്ത. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വിഡ്ഢിത്തമാണെന്ന് സുനിത പറഞ്ഞു. സിഗരറ്റിന്റെ വെളിച്ചമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ദീപശിഖയെന്ന് സ്ത്രീകൾ ചിന്തിക്കുന്നുവെന്ന് ഗായിക കുറ്റപ്പെടുത്തി. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുനിതയുടെ പരാമർശം. ഇതിനെതിരെ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

'സിഗരറ്റിന്റെ വെളിച്ചമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ദീപശിഖയെന്നാണ് സ്ത്രീകൾ ചിന്തിക്കുന്നത്. പുകവലിയെ സമത്വവുമായി ചേർത്തുപറയുന്നത് ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തമാണ്. ഒരു പുരുഷൻ പുകവലിച്ചാൽ, അവന്റെ ജീവിതത്തിലെ ഏതാനും നിമിഷങ്ങൾ മാത്രമാണ് നഷ്ടപ്പെടുന്നത്. എന്നാൽ, ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തിലെ മണിക്കൂറുകൾ അതുകൊണ്ട് നഷ്ടമാവും', സുനിത പറഞ്ഞു.

'ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കരുതുന്നുണ്ടെങ്കിൽ, അത് വിഡ്ഢിത്തമാണ്. അതൊരിക്കലും ഫെമിനിസം അല്ല. പുരുഷന്മാരെപ്പോലെ സ്ത്രീകളുടെ അഭിപ്രായങ്ങൾക്കും മൂല്യം നൽകുകയും സ്ത്രീകളോട് നന്നായി പെരുമാറുക എന്നതുമാണ് പ്രധാനം. എന്റെ ശരീരം എന്റെ അവകാശം എന്നാണെങ്കിൽ അവന്റെ കണ്ണുകൾ അവന്റെ അവകാശമാണ്. സ്ത്രീകൾ അങ്ങനെ പറയുമ്പോൾ, അത് പുരുഷന്റെയും അവകാശമായി മാറുന്നു. എന്റെ അഭിപ്രായത്തിൽ ഇത് സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ല. നിങ്ങൾ സുരക്ഷിതരായി ഇരിക്കുന്നിടത്തോളം നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം. ആരും നിങ്ങളെ വിലയിരുത്തുകയോ തുറിച്ചുനോക്കുകയോ ചെയ്യില്ലെന്നാണ് കരുതുന്നതെങ്കിൽ അത് ധരിക്കാം. മറ്റൊരാളുടെ കാഴ്ചപ്പാട് മാറ്റാൻ ശ്രമിക്കുന്നതിനെക്കാൾ എളുപ്പം എന്നെ തന്നെ സുരക്ഷിതമാക്കുന്നതാണ്', അവർ അഭിപ്രായപ്പെട്ടു.

വീടുകളിലോ പുറത്തോ സ്ത്രീകൾ അവഹേളിക്കപ്പെടുന്നില്ല എന്ന് താൻ വാദിക്കുന്നില്ലെന്നും സുനിത വ്യക്തമാക്കി. എന്നാൽ ഫെമിനിസത്തിന് വേണ്ടിയുള്ള പോരാട്ടം വസ്ത്രധാരണത്തിലോ പുകവലിയിലോ ഒതുങ്ങാതെ, പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും തുല്യ മൂല്യം ലഭിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കണം എന്നാണ് തന്റെ വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.

ഗായികയുടെ ഈ പരാമർശങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വളരെ മാന്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിൽ സുരക്ഷിതരാണെന്ന് എന്തെങ്കിലും ഉറപ്പുണ്ടോയെന്ന ചോദ്യമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്. മാന്യമായി വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ഇത്തരം ഉപദേശങ്ങൾ നൽകരുതെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേർ ഗായികയ്ക്കെതിരെ രംഗത്തെത്തി.

തെലുങ്ക് സിനിമയിലെ പ്രമുഖ ഗായികയും വോയ്സ് ആർട്ടിസ്റ്റുമാണ് 48 വയസ്സുകാരിയായ സുനിത. 1995-ൽ പുറത്തിറങ്ങിയ 'ഗുലാബി' എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച അവർ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Content Highlights: Popular Telugu playback singer and voice artist Sunitha Upadrasta has sparked a major controversy with her recent comments on feminism and women's freedom. In a recent interview with a Telugu media channel, she stated that modern women mistakenly view smoking and wearing choice of clothes as ultimate freedom. Sunitha argued that true feminism is about gaining equal value and respect in society rather than focusing on clothing choices or adopting lifestyle habits like smoking. Her statement, "if my body is my right, then his eyes are his right," has drawn sharp criticism from social media users who argue that fully covered women are also victims of abuse. Critics have strongly called out the 48-year-old singer for victim-blaming, asserting that safety is not dependent on a woman's attire