'ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു, ഹൃദയം നിറഞ്ഞുപോയി'; മകളുടെ നേട്ടത്തില്‍ സന്തോഷമറിയിച്ച് സിത്താര

സംസ്ഥാനതല ഭവന്‍സ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ മകള്‍ സമ്മാനം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ നടന്ന സംസ്ഥാനതല മേളയില്‍ മലയാളം പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനമാണ് സാവന്‍ ഋതു നേടിയത്. എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ വിദ്യാര്‍ഥിയാണ് സാവന്‍ ഋതു.
മകളുടെ നേട്ടത്തില്‍ തന്റെ ഹൃദയം നിറഞ്ഞുപോയെന്ന് സിത്താര സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. സമ്മാനമായി ലഭിച്ച സര്‍ട്ടിഫിക്കറ്റും ട്രോഫിയുമായി മകള്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് സിത്താരയുടെ ഹൃദ്യമായ കുറിപ്പ്. മകളുടെ വിജയത്തിലല്ല, അവിടെ അവള്‍ കണ്ടെത്തിയ സന്തോഷത്തിലും ധൈര്യത്തിലുമാണ് തങ്ങളുടെ സന്തോഷമെന്നും സിത്താര കുറിച്ചു.
'സായു ഫെസ്റ്റില്‍ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍, മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു. അതിന് പിന്നിലെ സമ്മര്‍ദം ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, അവളുടെ അമ്മമ്മയ്ക്ക്, ആ പഴയ രക്ഷാകര്‍തൃത്വത്തിന്റെ ദിനങ്ങളിലൂടെ വീണ്ടും കടന്നുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് തോന്നുന്നു, അവളുടെ കൈപിടിച്ച് പൂര്‍ണമനസോടെ കൂടെനില്‍ക്കാന്‍', സിത്താര കുറിച്ചു.
'ഇന്ന് സംസ്ഥാനതല ഭവന്‍സ് ഫെസ്റ്റില്‍ അവള്‍ ഒന്നാം സമ്മാനം നേടിയപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞുപോയി. വിജയത്തിലല്ല, മറിച്ച് അവള്‍ അവിടെ കണ്ടെത്തിയ സന്തോഷത്തിലും ധൈര്യത്തിലുമാണത്. ജിജ്ഞാസ, അനുഭവം, ധൈര്യം... ഇവയെന്നും നിന്നോടൊപ്പം ഉണ്ടാകട്ടേ കുഞ്ഞുമണീ...', സിത്താര കൂട്ടിച്ചേര്‍ത്തു.
സിത്താരയുടേയും ഡോ. എം. സജിഷിന്റേയും മകളാണ് സാവന്‍ ഋതു. 2007-ലാണ് സജീഷും സിത്താരയും വിവാഹിതരായത്. 2013-ലാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ആലുവയിലാണ് സിത്താര കുടുംബത്തോടൊപ്പം താമസം.
Content Highlights: Singer Sithara Krishnakumar shares her joy as her daughter, Saawan Rithu, secures first prize in Malayalam recitation at the state-level Bhavan`s Cultural Fest. A proud moment!