‘നിന്റെ കലപില കേൾക്കാതെ ഞാനെങ്ങനെ ജീവിക്കും’; സഹോദരിയുടെ വിയോഗത്തിൽ കുറിപ്പുമായി ചിത്രാ അയ്യർ

#Movies Desk
ചിത്രാ അയ്യർ, ശാരദ അയ്യർ
ചിത്രാ അയ്യർ, ശാരദ അയ്യർ

സഹോദരി ശാരദ അയ്യരുടെ അകാല വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ഗായിക ചിത്രാ അയ്യർ. കഴിഞ്ഞ ദിവസം ഒമാനിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിലാണ് ശാരദ മരിച്ചത്.

സഹോദരി ശാരദ ഒമാനിലെ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ചുവെന്നും തങ്ങളെല്ലാം ഹൃദയംതകർന്നിരിക്കുകയാണെന്നും ചിത്ര കുറിച്ചു. എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുഞ്ഞനുജത്തിയെ താൻ ഒരുപാട് സ്നേഹിക്കുന്നുവെന്നും ചിത്ര കുറിച്ചു. ഇതിനു പിന്നാലെയാണ് ചിത്രങ്ങൾ സഹിതം മറ്റൊരു വൈകാരികമായ കുറിപ്പും ചിത്ര പങ്കുവെച്ചത്.

സഹോദരിയുടെ അപ്രതീക്ഷിത മരണത്തെ താൻ എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ലെന്നാണ് ചിത്ര കുറിച്ചത്. ഞാൻ ഇനി എന്താണ് ചെയ്യുക എന്ന് ചിത്ര കുറിച്ചു. ഫോണിന്റെ മറുവശത്തുനിന്നുള്ള നിർത്താതെയുള്ള നിന്റെ കലപിലസംസാരം കേൾക്കാതെയും അടുത്ത മുറിയിൽ നിന്നുള്ള നിന്റെ കാതുതുളയ്ക്കുന്ന ശബ്ദവും അല്ലെങ്കിൽ വെറുതെ വന്ന് ശല്യപ്പെടുത്തുന്നതുമൊക്കെ ഇല്ലാതെ താൻ എങ്ങനെ ജീവിക്കുമെന്ന് ചിത്ര കുറിച്ചു.

ഒമാനിലെ വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്‍ലയിലെ ജബൽ ശംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് കൊല്ലം തഴവ സ്വദേശിനിയായ ശാരദ (52) മരിച്ചത്. ഒമാൻ എയർ മുൻ മാനേജരായ ശാരദ മസ്കറ്റിലായിരുന്നു താമസം. ഇവരുടെ പിതാവ് രാജദുരൈ അയ്യർ കഴിഞ്ഞ ഡിസംബർ 11-നാണ് അന്തരിച്ചത്. അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുൻപെയാണ് ശാരദയുടെ വിയോഗം.

Content Highlights: Singer Chitra Iyer shares a heartbreaking tribute to her sister Sharada, who passed away in a trekking accident in Oman.