ആരാധകനെ മെെക്ക് കൊണ്ടിടിച്ചു, ഫോൺ വലിച്ചെറിഞ്ഞു; ഗായകൻ ആദിത്യ നാരായണിന് രൂക്ഷ വിമർശനം

ന്യൂഡൽഹി: സംഗീത പരിപാടിക്കിടെ ആരാധകനോട് മോശമായി പെരുമാറിയ ഗായകനും ടെലിവിഷൻ അവതാരകനുമായ ആദിത്യ നാരായണിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. ലൈവ് സംഗീത പരിപാടിക്കിടെ ആരാധകനെ ഗായകൻ മെെക്ക് കൊണ്ടിടിച്ച വീഡിയോ വെെറലായതോടെയാണ് നിരവധിയാളുകൾ വിമർശനവുമായി എത്തിയത്.
ആദ്യം ആരാധകനോട് ആദിത്യ ഫോൺ ചോദിക്കുകയും അദ്ദേഹമത് കൊടുക്കാതായതോടെ മെെക്ക് കൊണ്ട് ഇടിക്കുകയുമായിരുന്നു. പിന്നാലെ ഫോൺ പിടിച്ചുവാങ്ങി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. വേദിയുടെ മുൻനിരയിലാണ് ഇയാൾ നിന്നിരുന്നത്. ഗായകൻ എന്തിനാണ് ഇത്രയും പ്രകോപിതനായതെന്നുള്ള വിവരം ആളുകൾ തിരക്കുന്നുമുണ്ട്.
നാണക്കേട് എന്നാണ് ചിലർ ആദിത്യയുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. ഗായകന്റെ നടപടി ഒട്ടും അംഗീകരിക്കാനാകാത്തതാണെന്ന് മറ്റൊരാൾ കുറിച്ചു.
ഛത്തീസ്ഗഡിലെ ഭിലായിലെ കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. തിങ്ങിനിറഞ്ഞ കാണികളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. സംഭവത്തെക്കുറിച്ച് ഗായകൻ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. പ്രശസ്ത ഗായകൻ ഉദിത് നാരായണിന്റെ മകൻ കൂടിയാണ് ആദിത്യ.
Content Highlights: singer aditya narayan controversy viral video