പോലീസ് വേഷത്തിൽ സിജു വിൽസൺ; ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജഗൻ ഷാജി കൈലാസ്

മലയാളസിനിമയ്ക്ക് ഒട്ടനവധി മാസ് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. യുവതാരം സിജു വിൽസനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകൻ. ഒരു പോലീസ് കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്.
കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായി രൺജി പണിക്കരും ശക്തമായ സാന്നിധ്യമാവുന്നു. മറ്റൊരു ഹൈലൈറ്റ് ഗോപി സുന്ദറിന്റെ സംഗീതമാണ്. ഉദ്വേഗഭരിതമായി സഞ്ചരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എസ് സഞ്ജീവ് രചിച്ചിരിക്കുന്നു. ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ഈ സിനിമ നിർമ്മിക്കുന്നത് എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യൻ. പ്രൊജക്റ്റ് ഡിസൈനർ - അൻസിൽ ജലീൽ, ലൈൻ പ്രൊഡ്യൂസർ - വിശ്വനാഥ്, പ്രൊഡക്ഷൻ കണ്ട്രോളർ - ദീപക് പരമേശ്വരൻ, കലാസംവിധാനം - ഡാനി മുസ്സരിസ്, മേക്കപ്പ് - അനീഷ് വൈപ്പിൻ, കോസ്റ്റ്യൂം ഡിസൈൻ - വീണ സ്യമന്തക്, ഐ, സ്റ്റിൽസ് - വിഘ്‌നേശ് പ്രദീപ്, മേക്കിംഗ് വിഡിയോ - സാബിത്, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പി. ആർ - അങ്കിത അർജുൻ.
ആദ്യ സിനിമയ്ക്ക് തുടക്കം കുറിക്കും മുമ്പ് തന്നെ രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ച പരിചയസമ്പത്തുണ്ട് ജഗന്. നിഥിനൊപ്പം കാവൽ, അച്ഛനൊപ്പം കടുവ എന്നീ സിനിമകളിൽ ജഗൻ പിന്നണിയിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. യുവനടി അഹാനാ കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി ജഗൻ ഒരുക്കിയ "കരി" എന്ന മ്യൂസിക്കൽ ആൽബം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. മലയാളത്തിലെ ഹിറ്റ്മേക്കറുടെ മകന്റെ ആദ്യ സിനിമയ്ക്ക് നിറഞ്ഞ ആശംസകൾ നേരുകയാണ് പ്രേക്ഷകരും മലയാളസിനിമാ ലോകവും.
Content Highlights: siju wilson new malayalam movie, jagan shaji kailas directorial debut