പോലീസ് നന്നായി ജോലി ചെയ്യുന്നു, ഞാൻ സഹകരിക്കുന്നു; ലഹരിമരുന്ന് കേസന്വേഷണത്തിൽ സിദ്ധാന്ത്

സിദ്ധാന്ത് കപൂർ | ഫോട്ടോ: www.instagram.com/siddhanthkapoor/
സിദ്ധാന്ത് കപൂർ | ഫോട്ടോ: www.instagram.com/siddhanthkapoor/

ബെംഗളൂരു ലഹരിമരുന്ന് കേസിൽ പോലീസ് അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ടെന്ന് അറസ്റ്റിലായ ഡി.ജെയും നടനുമായ സിദ്ധാന്ത് കപൂർ. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് വിഷയത്തിൽ സിദ്ധാന്ത് പ്രതികരിക്കുന്നത്. താൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നടൻ പറഞ്ഞു.

ചൊവ്വാഴ്ചയാണ് സിദ്ധാന്ത് പ്രസ്താവനയിറക്കിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. താൻ ഹോട്ടലിലായിരുന്നുവെന്നും അവിടെ ഒരു അന്വേഷണം നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാനവരോട് സഹകരിക്കുകയായിരുന്നു. മികച്ച രീതിയിലാണ് ബെം​ഗളൂരു പോലീസിന്റെ പ്രവർത്തനം. ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാനുതകുന്ന പ്രവൃത്തി അവർ ഇനിയും തുടരട്ടെ എന്നാണ് സിദ്ധാന്ത് ബെം​ഗളൂരു പോലീസിനേക്കുറിച്ച് എഴുതിയിരിക്കുന്നത്. 

സിദ്ധാന്ത് അന്വേഷണത്തോട് ഇനിയും സഹകരിക്കുമെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ബെം​ഗളൂരുവിലെത്തുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രവീൺ മു​ഗുളിയും പ്രതികരിച്ചു. ബം​ഗളൂരുവിൽ നിന്ന് തിരിച്ചു എന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഒരു സെൽഫി സിദ്ധാന്ത് ബുധനാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഡി.ജെ. പാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിൽ നടനും സിനിമാപ്രവർത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35 പേരെയാണ് പാർട്ടിയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ സിദ്ധാന്ത് അടക്കം ആറുപേർ ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എൻ.ഡി.പി.എസ്. ആക്ട് പ്രകാരമാണ് സിദ്ധാന്ത് അടക്കമുള്ളവർക്കെതിരേ കേസെടുത്തത്. പ്രിയദർശൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായി സിദ്ധാന്ത് പ്രവർത്തിച്ചിരുന്നു. 2013-ൽ പുറത്തിറങ്ങിയ ഷൂട്ടൗട്ട് അറ്റ് വഡാല എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്കും സിദ്ധാന്ത് പ്രവേശിച്ചു. ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത്.

Content Highlights: Siddhanth Kapoor, Bengaluru drugs case, Bengaluru Police