എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ദിവസവും കാണേണ്ടിവരുന്നു, കുടുംബംപോലും കബളിപ്പിക്കപ്പെടുന്നു -ശ്രിയാ ശരൺ

#മൂവി ഡെസ്ക്
ശ്രീയ ശരൺ | ഫോട്ടോ: PTI
ശ്രീയ ശരൺ | ഫോട്ടോ: PTI

വ്യാജ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തന്റെ പേരില്‍ അജ്ഞാതവ്യക്തി തട്ടിപ്പ് നടത്തുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി നടി ശ്രിയാ ശരണ്‍. മുൻപ് ആളുകൾ തൻ്റെ പേരോ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ചിത്രമോ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇത്രയും നേരിട്ട് ഒരാൾ ആൾമാറാട്ടം നടത്തുന്നത് ഇതാദ്യമായാണെന്ന് ശ്രിയ പറഞ്ഞു. താനാണെന്ന വ്യാജേന ആരോ ബന്ധപ്പെടാൻ ശ്രമിക്കുന്നു എന്ന് പരിചയക്കാരും ഇൻസ്റ്റാഗ്രാം ഫീഡിലുള്ളവരും, സംസാരിച്ചിട്ടുള്ളവരും, ടാഗ് ചെയ്തിട്ടുള്ളവരും, ഫോളോ ചെയ്യുന്നവരുമെല്ലാം തനിക്കെഴുതാൻ തുടങ്ങി. ഇപ്പോൾ ദിവസേന തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണേണ്ടിവരുന്നുവെന്നും കുടുംബംപോലും കബളിപ്പിക്കപ്പെടുന്നുവെന്നും അവർ പറഞ്ഞു.

ഇതാദ്യമായല്ല ഒരാൾ ഇങ്ങനെ ചെയ്യുന്നതെന്നും ആദ്യമായാണ് താൻ ഇതിനെതിരെ കൃത്യമായ ഒരു നിലപാട് എടുക്കുന്നതെന്നും ശ്രിയാ ശരൺ എച്ച്ടി സിറ്റിയോട് പറഞ്ഞു. തൻ്റേതായി മോർഫ് ചെയ്ത ഒരുപാട് ചിത്രങ്ങളുണ്ട്, അവ യാഥാർത്ഥ്യമെന്ന് തോന്നും. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ആളുകൾക്ക് ഭ്രാന്താണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കണമെന്നും അവർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തടയുന്നതിൽ തൻ്റെ ടീമിന് പോലും പരിമിതികളുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

"മറ്റൊരാളുടെ ശരീരവും എൻ്റെ മുഖവും ചേർത്ത, ഞാനല്ലാത്ത എൻ്റെ ഒരു ചിത്രം മിക്കവാറും എല്ലാ ദിവസവും എൻ്റെ ഇൻസ്റ്റാ ഫീഡിൽ ഞാൻ കാണാറുണ്ട്. എൻ്റെ കുടുംബത്തിന് ഇതെല്ലാം സഹിക്കേണ്ടി വരുന്നു. ചിലപ്പോൾ എഐ ചിത്രങ്ങൾ കണ്ട് അവരും കബളിപ്പിക്കപ്പെടാറുണ്ട്. വ്യാജവും യഥാർത്ഥവും തമ്മിൽ തിരിച്ചറിയാൻ പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. ഞാൻ ചിന്തിക്കും, 'ഇത് ഞാനാണോ?' എന്ന്. അത് കാണാൻ എന്നെപ്പോലെ തന്നെയുണ്ടാകും. അപ്പോഴാണ് യഥാർത്ഥ പ്രശ്നം വരുന്നത്, കാരണം എൻ്റെ കുടുംബത്തെയും എനിക്കറിയാവുന്നവരെയും കബളിപ്പിക്കാൻ അതിന് കഴിയും." ശ്രിയയുടെ വാക്കുകൾ.

വ്യാജ ബ്ലൂ-ടിക്ക് ചിഹ്നത്തോടൊപ്പം തൻ്റെ ഫോട്ടോകൾ ഉപയോഗിക്കുന്ന നിരവധി ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ താൻ കണ്ടിട്ടുണ്ടെന്ന് ശ്രിയ സമ്മതിച്ചു. "എൻ്റെ പേരും മറ്റെന്തോ എഴുതിയതുമായ ഒരു പ്രൊഫൈലുണ്ട്, അത് വെരിഫൈഡ് ആണെന്ന് തോന്നും. അവർ ഒരു നീല ടിക്ക് മാർക്ക് ഇട്ടുവെന്നുമാത്രം. വെരിഫിക്കേഷൻ ഇപ്പോൾ ആളുകൾക്ക് പണം കൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നാണ്. ഇത്തരം ദുരുപയോഗങ്ങൾക്കെതിരെ മറ്റ് സെലിബ്രിറ്റികൾ നിയമവഴി തേടുമ്പോഴും, പ്രായോഗികമായി എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിങ്ങൾക്ക് ശരിക്കും ഒന്നും ചെയ്യാൻ കഴിയില്ല. ആളുകളെ മണ്ടന്മാരാകുന്നതിൽ നിന്ന് തടയാൻ നിങ്ങൾക്കാവില്ല," നടി വിശദീകരിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി താൻ ഒരേ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ഇത് ഈ സാഹചര്യത്തെ കൂടുതൽ ആശ്ചര്യകരമാക്കിയെന്നും ശ്രിയ വിശദീകരിക്കുന്നു. തുടക്കത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ആൾമാറാട്ടക്കാരൻ്റെ പ്രവൃത്തികൾ വർധിച്ചതോടെ കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതയായി. അയാൾ ആളുകളുമായി സംസാരിക്കുന്നതും, മോശം സന്ദേശങ്ങൾ അയക്കുന്നതും തുടർന്നു. അതിനാൽ തനിക്കിത് കൈകാര്യം ചെയ്യേണ്ടി വന്നു. കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നുവെന്ന് ശ്രീയ വ്യാജ ഫോൺനമ്പറുമായി ബന്ധപ്പെട്ട് പറഞ്ഞു.

സൈബർ ക്രൈം അധികാരികളെ വിഷയം അറിയിക്കുകയും, പ്രചരിക്കുന്ന സന്ദേശങ്ങൾ തൻ്റേതല്ലെന്ന് പരസ്യമായി വ്യക്തമാക്കുകയും ചെയ്തതായി ശ്രിയ അറിയിച്ചു. എന്നാൽ ആൾമാറാട്ടക്കാരൻ ഇത് നിർത്തിയോ എന്ന് കണ്ടെത്താൻ തനിക്ക് അധികമൊന്നും ചെയ്യാനാകില്ലെന്ന് അവർ സമ്മതിച്ചു. അതെങ്ങനെ എനിക്കറിയാൻ സാധിക്കും? അതിൻ്റെ പിന്നാലെ പോകുന്നത് അല്പം ബുദ്ധിമുട്ടാണ്. സൈബർ ക്രൈം വിഭാഗത്തെ വിവരം അറിയിച്ചു. ആളുകളോട് ഇങ്ങനെയൊരു സംഭവം നടക്കുന്നുണ്ടെന്ന് പറഞ്ഞു, അത് താനല്ലെന്നും വ്യക്തമാക്കി. ആൾമാറാട്ടക്കാരൻ്റെ വലയിൽ ആരും വീഴാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നതായും ശ്രിയ കൂട്ടിച്ചേർത്തു.

Content Highlights: Shriya Saran Speaks Out Against Impersonator Exploiting Colleagues