'പൂര്‍ണ്ണ ശക്തിയോടെ ഞാന്‍ തിരിച്ചെത്തും'; കാന്‍സര്‍ മുക്തനായെന്ന് നടന്‍ ശിവ രാജ്കുമാര്‍

ശിവ രാജ്കുമാറും ഭാര്യ ഗീതയും
ശിവ രാജ്കുമാറും ഭാര്യ ഗീതയും

മിയാമി: അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസത്രക്രിയ വിജയകരമായി നടന്നതിന് പിന്നാലെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദ്യമായ പുതുവര്‍ഷ സന്ദേശവുമായി നടനും നിര്‍മാതാവുമായ ശിവ രാജ്കുമാര്‍. താന്‍ കാന്‍സര്‍ മുക്തനായെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ കന്നഡ നടന്‍ വെളിപ്പെടുത്തി.

ഡിസംബര്‍ 24-ന് യുഎസിലെ മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എംസിഐ) മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള അപ്ഡേറ്റിന് ശേഷം, തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരം കാത്തിരുന്നവര്‍ക്കാണ് ശിവ് രാജ്കുമാറും ഭാര്യ ഗീതയും സന്തോഷ വാര്‍ത്ത നല്‍കിയത്.

ശിവ രാജ്കുമാര്‍ കാന്‍സര്‍ മുക്തനായി എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഗീത പ്രഖ്യാപിച്ചു. 'എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. നിങ്ങളുടെ പ്രാര്‍ത്ഥന കാരണം, ശിവ രാജ്കുമാറിന്റെ എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയി. പാത്തോളജി റിപ്പോര്‍ട്ടുകള്‍ പോലും നെഗറ്റീവ് ആയി വന്നു, ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി കാന്‍സര്‍ വിമുക്തനാണ്' ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഗീത വ്യക്തമാക്കി.

ശിവ രാജ്കുമാറും തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞു, 'സംസാരിക്കുമ്പോള്‍ ഞാന്‍ വികാരാധീനനാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു, കാരണം യുഎസിലേക്ക് പോകുമ്പോള്‍ ഞാന്‍ അല്‍പ്പം വികാരഭരിതനായിരുന്നു. എന്നാല്‍ ധൈര്യം പകരാന്‍ ആരാധകര്‍ ഉണ്ട്. ചില സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു'.

തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്ക് ഉറച്ച പിന്തുണ നല്‍കിയ ഗീതയേയും അദ്ദേഹം പ്രശംസിച്ചു. 'എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരില്‍ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളില്‍ നിന്ന് അത് ലഭിക്കും' ശിവ രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. മകള്‍ നിവേദിത രാജ്കുമാറിന്റെ പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജോലിയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ശിവ രാജ്കുമാര്‍ വാചാലനായി. 'ആദ്യ ഘട്ടത്തില്‍ വിശ്രമമെടുത്ത് മുന്നോട്ട് പോകാനും മാര്‍ച്ചിന് ശേഷം പൂര്‍ണ്ണ ശക്തിയോടെ ജോലിയില്‍ പ്രവേശിക്കാനും ഡോക്ടര്‍മാര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ തീര്‍ച്ചയായും പൂര്‍ണ്ണ ശക്തിയോടെ വരും, എങ്ങോട്ടുംപോകില്ല. ഞാന്‍ തിരിച്ചുവരും, ശിവണ്ണ മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ നൃത്തത്തിലും ഫൈറ്റിലും ലുക്കിലും ഇരട്ടി ശക്തി ഉണ്ടാകും. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാന്‍ എപ്പോഴും ഊര്‍ജ്ജസ്വലനായിരിക്കും'  ശിവ രാജ്കുമാര്‍ പറഞ്ഞു.


 

Content Highlights: Kannada actor Shiva Rajkumar is cancer-free, says 'I'll come with full force'