സുന്ദരിയെന്ന് വിളിച്ചാൽ ഇന്നും വിശ്വസിക്കാൻ പ്രയാസം, കാരണം ചെറുപ്പത്തിലെ ആ ദുരനുഭവം -ഷെഫാലി ഷാ

#മൂവി ഡെസ്ക്
ഷെഫാലി ഷാ | ഫോട്ടോ: ANI
ഷെഫാലി ഷാ | ഫോട്ടോ: ANI

സ്കൂൾ കാലഘട്ടത്തിൽ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി ഷെഫാലി ഷാ. തന്റെ രൂപത്തെക്കുറിച്ച് മോശം പരാമർശങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഷെഫാലി പറഞ്ഞു. ഒരു സഹപാഠി തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നു. ഈ മോശം അനുഭവങ്ങൾ തന്റെ ആത്മവിശ്വാസത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും, പ്രശംസകൾ സ്വീകരിക്കാൻ ഇന്നും താൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നും അവർ മനസുതുറന്നു.

വളരുന്ന പ്രായത്തിൽ, മറ്റുള്ളവരിൽ നിന്ന് താൻ സുന്ദരിയല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നെന്ന് ടൈംസ് നൗവിനുനൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. സ്കൂളിൽ വെച്ച് പലരും കളിയാക്കി. തന്നെ സ്ഥിരം ഇടിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു റെസ്റ്ററന്റിൽ വെച്ച് ആ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവരോട് തനിക്ക് സഹതാപമാണ് തോന്നിയതെന്നും ഷെഫാലി കൂട്ടിച്ചേർത്തു.

"നീ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയുണ്ടാകുമായിരുന്നു" എന്ന് പലരും പറഞ്ഞിരുന്നതായി ഷെഫാലി ഓർക്കുന്നു. ഇന്നും ആരെങ്കിലും തന്നെ സുന്ദരിയാണെന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് പൂർണ്ണമായി ഉൾക്കൊള്ളാൻ തനിക്ക് പ്രയാസമാണെന്നും, സുന്ദരിയാണെന്ന് വിശ്വസിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ഷെഫാലി തുറന്നു പറഞ്ഞു.

"ഞാൻ ഒരിക്കലും മതിയാവോളം മെലിഞ്ഞിരിക്കില്ല എന്ന് ഞാൻ കരുതുന്നു. ഞാൻ ഒരിക്കലും അങ്ങനെയാവില്ല. വളരെ അപൂർവ്വമായി ഞാൻ എന്നെത്തന്നെ നോക്കി 'ഓ! ഞാൻ നന്നായിരിക്കുന്നു' എന്ന് പറയാറുണ്ട്. പക്ഷേ എനിക്ക് അത് കാണാൻ കഴിയില്ല. ആരെങ്കിലും എന്നെ 'നിങ്ങൾ സുന്ദരിയായിരിക്കുന്നു' എന്ന് അഭിനന്ദിക്കുമ്പോൾ, എനിക്ക് ആ അഭിനന്ദനം സ്വീകരിക്കാൻ കഴിയില്ല," അവരുടെ വാക്കുകൾ.

ക്രൈം ഡ്രാമ സീരീസായ 'ഡൽഹി ക്രൈം' സീസൺ 3-ൽ ഡിഐജി വർതിക ചതുർവേദി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. രസിക ദുഗ്ഗൽ, രാജേഷ് തെയിൽ, ഹുമ ഖുറേഷി, സയനി ഗുപ്ത, മീറ്റാ വസിഷ്ട്, അൻഷുമാൻ പുഷ്കർ, കെല്ലി ഡോർജി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Content Highlights: Actor Shefali Shah shares her painful experiences with school bullying and negative comments about her appearance, discussing its lasting impact on her self-esteem.