'എന്നെ വിൽക്കാൻ വെച്ചിരിക്കുകയല്ല'; വെബ് സീരീസിന് റിവ്യൂ എഴുതിയത് പണം വാങ്ങിയാണെന്ന ആരോപണത്തോട് ശശി തരൂർ

ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ്സീരീസിനെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എക്സിൽ റിവ്യൂ എഴുതിയ സംഭവം ചൂടുപിടിക്കുന്നു. പണം വാങ്ങിയാണ് താൻ നിരൂപണം എഴുതിയതെന്ന ആരോപണത്തിന് ശക്തമായ മറുപടിയുമായി തരൂർ രംഗത്തെത്തി. തന്നെ വിൽപ്പനയക്ക് വെച്ചിരിക്കുകയല്ലെന്ന് തരൂർ ആരോപണങ്ങളോട് തിരിച്ചടിച്ചു.
ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ് തന്നെ അദ്ഭുതപ്പെടുത്തി എന്നായിരുന്നു ശശി തരൂർ എക്സിൽ പോസ്റ്റ് ചെയ്തത്. ശശി തരൂരിന്റെ പുതിയ സൈഡ് ബിസിനസ് - പെയ്ഡ് റിവ്യൂകൾ എന്നാണ് ഒരാൾ ഇതിന് കമന്റ് ചെയ്തത്. ഈ പരിഹാസത്തിനാണ് ശശി തരൂർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. "സുഹൃത്തേ, ഞാൻ വില്പനയ്ക്കുള്ളവനല്ല. ഞാൻ പ്രകടിപ്പിക്കുന്ന ഒരഭിപ്രായത്തിനും ആരും എനിക്ക് പണമായോ മറ്റെന്തെങ്കിലും രൂപത്തിലോ പ്രതിഫലം നൽകിയിട്ടില്ല." തിങ്കളാഴ്ച, ആരോപണത്തിന് മറുപടിയുമായി തരൂർ എക്സിൽ കുറിച്ചതിങ്ങനെ.
"ജലദോഷവും ചുമയും കാരണം രണ്ട് ദിവസത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു. എന്റെ സ്റ്റാഫും സഹോദരി സ്മിത തരൂരും കുറച്ചുനേരം കമ്പ്യൂട്ടറിൽ നിന്ന് മാറി ഒരു നെറ്റ്ഫ്ളിക്സ് സീരീസ് കാണാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ എനിക്ക് തന്നെ നൽകിയ ഏറ്റവും മികച്ച ഒന്നായിരുന്നു അത്. തികഞ്ഞ #OTT GOLD." ബാഡ്സ് ഓഫ് ബോളിവുഡിനെക്കുറിച്ച് തരൂർ എഴുതിയ കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെ.
അദ്ദേഹം തുടർന്നു, "ആര്യൻ ഖാന്റെ സംവിധാന അരങ്ങേറ്റമായ 'ദ ബാഡ്സ് ഓഫ് ബോളിവുഡ്' ഇപ്പോൾ കണ്ടുതീർത്തു. പ്രശംസിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. പതിയെയാണ് ഇത് നമ്മളിലേക്ക് എത്തുന്നത്, പക്ഷേ പിന്നീട് അതിൽ നിന്ന് കണ്ണെടുക്കാനാവില്ല! മൂർച്ചയേറിയ എഴുത്ത്. നിർഭയമായ സംവിധാനം. ഈ ആക്ഷേപഹാസ്യത്തിന്റെ ധൈര്യം ബോളിവുഡിന് അത്യാവശ്യമായിരുന്നു. ഗ്ലാമറിനപ്പുറമുള്ള, പ്രതിഭാധനവും പലപ്പോഴും തമാശ നിറഞ്ഞതും, ചിലപ്പോൾ ഹൃദയസ്പർശിയായതും, എപ്പോഴും ഉറച്ചതുമായ ഒരു കാഴ്ചയാണിത്. എല്ലാ സിനിമാറ്റിക് ക്ലീഷേകളെയും മൂർച്ചയേറിയ നർമ്മം കൊണ്ട് പരിഹസിക്കുന്നു. ഒപ്പം, പ്രേക്ഷകരെ കഥയുടെ ഭാഗമാക്കുകയും അണിയറ രഹസ്യങ്ങൾ അറിയിക്കുകയും ചെയ്യുന്ന ഇൻസൈഡർ തമാശകളും ഇതിലുണ്ട്.
ആകർഷകമായ ഏഴ് എപ്പിസോഡുകൾ ഒരു യഥാർത്ഥ കഥാകാരന്റെ വരവറിയിക്കുന്നു. ആര്യൻ ഖാൻ, നിങ്ങളെ നമിക്കുന്നു—നിങ്ങളൊരു മാസ്റ്റർപീസ് ആണ് സമ്മാനിച്ചത്. ഷാരൂഖ് ഖാന് മകനെയോർത്ത് തീർച്ചയായും അഭിമാനിക്കാം." അദ്ദേഹം നിരൂപണം അവസാനിപ്പിക്കുന്നു.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച സീരീസാണ് ബാഡ്സ് ഓഫ് ബോളിവുഡ്. ലക്ഷ്യ, രാഘവ് ജുയൽ, സഹേർ ബാംബ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ആക്ഷേപഹാസ്യ ഷോയ്ക്ക് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ബോളിവുഡിനുള്ളിലെ അധികാര വടംവലികളും ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന വെല്ലുവിളികളും ആക്ഷേപഹാസ്യ രൂപേണ ചർച്ചചെയ്യുന്നതാണ് സീരീസ്. ആന്യ സിംഗ്, മോന സിംഗ്, മനോജ് പഹ്വ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: Shashi Tharoor lauded Aryan Khan`s directorial debut, `The Ba***ds of Bollywood,` calling it OTT GOLD. He responded to `paid review` allegations, stating his opinions are not for sale.