'ഇപ്പോള്‍ എനിക്കറിയാം ഇതാണ് അതിനുള്ള സമയം'; ഓര്‍മച്ചിത്രവും വൈകാരിക കുറിപ്പുമായി ഷറഫുദ്ദീന്‍

ഷറഫുദ്ദീൻ, ഷറഫുദ്ദീൻ പങ്കുവെച്ച ചിത്രം | Photo: Facebook/ Sharaf U Dheen
ഷറഫുദ്ദീൻ, ഷറഫുദ്ദീൻ പങ്കുവെച്ച ചിത്രം | Photo: Facebook/ Sharaf U Dheen

ആദ്യമായി നിര്‍മിച്ച് പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രം 'ദി പെറ്റ് ഡിറ്റക്ടീവ്' പ്രദര്‍ശനത്തിനെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വൈകാരിക കുറിപ്പുമായി നടന്‍ ഷറഫുദ്ദീന്‍. വ്യാഴാഴ്ച തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസമാണെന്ന് കരുതുന്നതായി ഷറഫുദ്ദീന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'ദി പെറ്റ് ഡിറ്റക്ടീവ്' തീയേറ്ററില്‍ തന്നെ കാണാനും ഷറഫുദ്ദീന്‍ അഭ്യര്‍ഥിച്ചു.

കുറിപ്പിനൊപ്പം താന്‍ അഭിനയിച്ച ആദ്യചിത്രമായ 'നേര'ത്തിന്റെ പോസ്റ്ററിന് മുന്നിലിരിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ബക്കറ്റും ബ്രഷും ചിത്രത്തിലുണ്ട്. താന്‍ പലതവണ ചിത്രം പങ്കുവെക്കാന്‍ ഒരുങ്ങിയതായിരുന്നുവെന്ന് നടന്‍ പറഞ്ഞു. 'ഫോട്ടോ പലതവണ ഞാന്‍ പോസ്റ്റ് ചെയ്യാന്‍ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം ഇതാണ് അതിനുള്ള സമയം', ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

ഷറഫുദ്ദീന്‍ പങ്കുവെച്ച കുറിപ്പ്:

എല്ലാ പ്രിയപ്പെട്ടവര്‍ക്കും, ഞാന്‍ നിങ്ങളുടെ സ്വന്തം ഷറഫുദ്ദീന്‍.

കഴിഞ്ഞ പത്തുപന്ത്രണ്ട് വര്‍ഷങ്ങളായിട്ട് ഞാന്‍ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ വഴി ഞാന്‍ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.

ഇടവേളകളില്‍ കയ്യടിച്ചും ഇടയ്‌ക്കെല്ലാം എന്നെ തിരുത്തിയും എന്നും നിങ്ങള്‍ കൂടെയുണ്ടായിരുന്നു. എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്‌സ് ഇല്ലായെന്നുതന്നെ ഞാന്‍ വിശ്വസിച്ചോട്ടെ?

ഇന്ന് ഈ നോട്ട് എഴുതുമ്പോള്‍ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു. അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങള്‍ എല്ലാവരോടും ഞാനാ സപ്പോര്‍ട്ട് ചോദിച്ചു വാങ്ങുകയാണ്.

ദി പെറ്റ് ഡിറ്റക്ടീവ് നാളെ റിലീസ് ആകുവാണ്. നിങ്ങള്‍ എല്ലാവരും തീയേറ്ററില്‍ തന്നെ പോയി ഞങ്ങളുടെ ഈ സിനിമ കാണണം. എന്ന് നിങ്ങളുടെ സ്വന്തം ഷറഫുദ്ദീന്‍.

എന്‍ബി: ഈ ഫോട്ടോ പലതവണ ഞാന്‍ പോസ്റ്റ് ചെയ്യാന്‍ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം ഇതാണ് അതിനുള്ള സമയം.

Content Highlights: Actor Sharafudheen shares an emotional note and a throwback photo ahead of the release of his debut production and lead role film, `The Pet Detective`. Urges fans to watch it in theaters