‘ആരാണ് ഷെയിൻ നിഗത്തെ അപ്രസക്തനാക്കാൻ ശ്രമിക്കുന്നത്’; സിനിമാ പോസ്റ്ററുകള്‍ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി നിർമാതാവ്

'ബൾട്ടി'യുടെ പോസ്റ്റര്‍ കീറിയ നിലയില്‍, ഷെയിൻ നിഗവും സന്തോഷ് ടി. കുരുവിളയും | Photo: Facebook/ Santhosh T Kuruvilla, Instagram/ Parallel Universe
'ബൾട്ടി'യുടെ പോസ്റ്റര്‍ കീറിയ നിലയില്‍, ഷെയിൻ നിഗവും സന്തോഷ് ടി. കുരുവിളയും | Photo: Facebook/ Santhosh T Kuruvilla, Instagram/ Parallel Universe

നടന്‍ ഷെയിന്‍ നിഗം പ്രധാനവേഷത്തിലെത്തിയ 'ബള്‍ട്ടി' എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ആസൂത്രിതമായി നശിപ്പിക്കുന്നുവെന്ന ആരോപണവുമായി നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. മലയാള സിനിമാ മേഖലയില്‍ മുന്‍നിരയിലേക്കെത്തുന്ന ഷെയിന്‍ നിഗത്തെ അപ്രസക്തനാക്കാന്‍ ശ്രമം നടക്കുന്നതായും നിര്‍മാതാവ് ആരോപിച്ചു. ഇത് കടുത്ത അസഹിഷ്ണുതയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

ഷെയിന്‍ നിഗത്തെ നായകനാക്കി ഉണ്ണി ശിവലിംഗം സംവിധാനംചെയ്ത 'ബള്‍ട്ടി'യുടെ നിര്‍മാതാവാണ് സന്തോഷ് കുരുവിള. ചിത്രം മികച്ച അഭിപ്രായം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 'ബള്‍ട്ടി'യുടെ പോസ്റ്ററുകള്‍ക്ക് മുകളിലേക്ക് അറിഞ്ഞുകൊണ്ടുതന്നെ മറ്റ് സിനിമകളുടെ പോസ്റ്റര്‍ ഒട്ടിക്കുകയാണെന്നാണ് നിര്‍മാതാവിന്റെ ആരോപണം.

'ഇത് കടുത്ത അസഹിഷ്ണുതയാണ്. എന്തിനാണ് വളരെ ആസൂത്രിതമായി ഷെയിന്‍ നിഗം എന്ന നടന്റെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല. തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് മറ്റൊരുചിത്രത്തിന്റെ പോസ്റ്ററുകള്‍ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത്?', സന്തോഷ് കുരുവിള ചോദിച്ചു.

'ഈ പ്രവര്‍ത്തി അങ്ങേയറ്റം ഹീനമായ ഒന്നാണ്. ഷെയിന്‍ നിഗം ചിത്രങ്ങളായ 'ബള്‍ട്ടി', 'ഹാല്‍' എന്നീ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയല്‍ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താത്പര്യമാണ്?. ഷെയിന്‍ നിഗം എന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 'ബള്‍ട്ടി', പ്രേക്ഷകര്‍ നല്ല അഭിപ്രായങ്ങള്‍ ഉറക്കെ പറയുമ്പോള്‍ ആരാണ് അസ്വസ്ഥരാവുന്നത്? ആരാണ് മുന്‍നിരയിലേയ്ക്ക് എത്തുന്ന ചെറുപ്പക്കാരനെ അപ്രസക്തനാക്കാന്‍ ശ്രമിയ്ക്കുന്നത്?', നിര്‍മാതാവ് കുറിച്ചു.

'ബള്‍ട്ടി'യുടെ പോസ്റ്ററുകള്‍ കീറിമാറ്റിയ നിലയിലുള്ളതെന്ന് അവകാശപ്പെട്ട് ഏതാനും ചിത്രങ്ങളും നിര്‍മാതാവ് പുറത്തുവിട്ടു. 'കേരളത്തിലങ്ങോളമിങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായി. എന്താണിവരുടെ ഉദ്ദേശം', നിര്‍മാതാവ് ചോദിച്ചു.

'ഞാന്‍ തന്നെ നിര്‍മിച്ച എന്റെ മുന്‍കാല ചിത്രങ്ങളായ 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പ'നൊപ്പം 'കെട്ടിയോളാണെന്റെ മാലാഖ', അതിനും മുമ്പ് 'മഹേഷിന്റെ പ്രതികാരത്തി'നൊപ്പം 'ആക്ഷന്‍ ഹീറോ ബിജു', 'മായാനദി'ക്കൊപ്പം 'ആട് 2', അവസാനമായ് 'ന്നാ താന്‍ കേസ് കൊടി'നൊപ്പം 'തല്ലുമാല'. അപ്പോഴൊന്നും സംഭവിക്കാത്തതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പോസ്റ്റര്‍ കീറല്‍ പരിപാടി. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുന്നുണ്ടല്ലോ?. എന്താണ് ഷെയ്ന്‍ നിഗം എന്ന ഒരു മികച്ച യുവനടന്‍ ഇത്രമേല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്? മലയാളത്തിലെ എന്റെ പ്രിയപ്പെട്ട സിനിമാ സ്‌നേഹികളോട് ഒരു നിര്‍മാതാവ് എന്ന നിലയില്‍ പിന്തുണ തേടുകയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Santhosh T Kuruvilla alleges deliberate tearing and covering of Shane Nigam`s `Balti` movie posters, suspecting a conspiracy to sideline the rising actor. He shared photos and sought support from film lovers.