‘സ്ക്രീനിൽ ഞാൻ ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്ന രംഗം, അച്ഛനും അമ്മയും തിയേറ്റർ വിട്ടിറങ്ങിപ്പോയി’

വില്ലൻ വേഷങ്ങളിലൂടെ ബോളിവുഡിൽ പ്രശസ്തനായ നടനാണ് ശക്തി കപൂർ. തന്റെ കരിയറിന്റെ തുടക്കത്തിൽ മാതാപിതാക്കൾക്കുണ്ടായ വേദനാജനകമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സ്ക്രീനിൽ താൻ അവതരിപ്പിച്ച വില്ലൻ വേഷം കണ്ട് മനംനൊന്ത് മാതാപിതാക്കൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ശക്തി കപൂർ ഓർത്തെടുത്തു. വില്ലൻ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലെ അതൃപ്തി അവർ പരസ്യമായി പ്രകടിപ്പിച്ചിരുന്നുവെന്നും നടൻ പറഞ്ഞു.
ആൽഫാനിയോൺ സ്റ്റുഡിയോസുമായുള്ള ഒരു തുറന്ന സംഭാഷണത്തിലാണ് തന്നെ നടുക്കിയ ഒരു സംഭവത്തേക്കുറിച്ച് ശക്തി കപൂർ പറഞ്ഞത്. താൻ വേഷമിട്ട 'ഇൻസാനിയത്ത് കെ ദുഷ്മൻ' എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് അത് കാണാനായി മാതാപിതാക്കളെ ക്ഷണിച്ചു. എന്നാൽ സിനിമയുടെ ആദ്യ രംഗത്തിൽതന്നെ താൻ ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്ന രംഗമാണ് അവർക്ക് കാണാൻ സാധിച്ചത്. ഇത് കണ്ട അച്ഛൻ, "ഇവൻ പുറത്ത് ചെയ്തുകൊണ്ടിരുന്നത് ഇപ്പോൾ വലിയ സ്ക്രീനിലും ചെയ്യുന്നു" എന്നുപറഞ്ഞ് അമ്മയെയും കൂട്ടി ഉടൻ തന്നെ തിയേറ്റർ വിട്ടിറങ്ങിയെന്ന് ശക്തി കപൂർ പറഞ്ഞു.
സിനിമ കണ്ടതിന് ശേഷം മാതാപിതാക്കൾ തന്നെ വിളിച്ച് കഠിനമായി ശകാരിച്ചെന്ന് ശക്തി കപൂർ പറഞ്ഞു. "അവർ എന്നെ വിളിച്ചു ശാസിച്ചു. നീ എന്ത് തരം വേഷങ്ങളാണ് ചെയ്യുന്നത്? എന്നിട്ട് നീ ആരുമായിട്ടാണ് ഇതൊക്കെ ചെയ്യുന്നത്? നീ ഹേമ മാലിനി, സീനത്ത് അമൻ തുടങ്ങിയ നടിമാരോടൊപ്പം നല്ലൊരു വേഷം ചെയ്യണം. നീ എന്തിനാണ് ഗുണ്ടയുടെ വേഷങ്ങൾ ചെയ്യുന്നത് എന്നെല്ലാം ചോദിച്ചു. നിങ്ങളാണ് എന്നെ പ്രസവിച്ചത്, ഈ മുഖവും നിങ്ങൾ എനിക്ക് നൽകി. ഈ മുഖം കണ്ടിട്ട് നല്ലൊരാളുടെയോ നായകന്റെയോ വേഷം ആരും എനിക്ക് നൽകുന്നില്ല എന്നാണ് അതിന് ഞാൻ നൽകിയ മറുപടി." ശക്തി കപൂർ കൂട്ടിച്ചേർത്തു.
ഹിന്ദി സിനിമയുടെ ഒരു കാലഘട്ടത്തെ നിർവചിച്ചവയായിരുന്നു ശക്തി കപൂറിന്റെ നെഗറ്റീവ് വേഷങ്ങൾ. 'അന്ദാസ് അപ്നാ അപ്നാ'യിലെ ക്രൈം മാസ്റ്റർ ഗോഗോ, 'ഗുണ്ട'യിലെ ബുള്ള, പോലുള്ള നിരവധി വില്ലൻവേഷങ്ങൾ അദ്ദേഹത്തെ ബോളിവുഡിന്റെ ഏറ്റവും തിരിച്ചറിയപ്പെടുന്ന പ്രതിനായകരിൽ ഒരാളാക്കി.
Content Highlights: Shakti Kapoor's Villainous Legacy: The Untold Family Struggles Behind Bollywood's Iconic Antagonist