സിനിമാ പോസ്റ്ററുകൾക്ക് മുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം; അനീതിയെന്ന് ഷാജി പട്ടിക്കര

#Movies Desk
സിനിമാ പോസ്റ്ററിന് മുകളില്‍ സ്പായുടെ പോസ്റ്റര്‍, ഷാജി പട്ടിക്കര | Photo: Facebook/ Shaji Pattikkara
സിനിമാ പോസ്റ്ററിന് മുകളില്‍ സ്പായുടെ പോസ്റ്റര്‍, ഷാജി പട്ടിക്കര | Photo: Facebook/ Shaji Pattikkara

സിനിമാ പ്രചാരണത്തിനായി ഒട്ടിക്കുന്ന പോസ്റ്ററുകൾക്ക് മുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ പരസ്യങ്ങൾ പതിക്കുന്നതിനെതിരെ പ്രൊഡക്ഷൻ കൺട്രോളറും മലബാർ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഷാജി പട്ടിക്കര. ചെറിയ കാര്യമായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ വലിയൊരു അനീതിയും സിനിമാ മേഖലയ്ക്ക് ഭീമമായ സാമ്പത്തിക നഷ്ടവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'കേരളത്തിൽ എവിടെ നോക്കിയാലും സിനിമാ പോസ്റ്ററുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം പതിക്കുകയാണ്. ചെറിയ സ്ഥാപനങ്ങളുടെ ചെറുകിട പരസ്യം തന്നെയാണ്, പക്ഷേ അത് ഉണ്ടാക്കുന്ന പ്രതിസന്ധിയും സാമ്പത്തിക നഷ്ടവും വളരെ വലുതാണ്', അദ്ദേഹം കുറിച്ചു.

'ഒരു സിനിമാ പോസ്റ്റർ നഗരങ്ങളിലും ഗ്രാമങ്ങളിലും പതിക്കണമെങ്കിൽ വലിയ ചെലവാണ്. പ്രിന്റിങ് ചാർജ്, പോസ്റ്റർ പതിക്കാൻ വേണ്ടി വരുന്ന അനുബന്ധ ചെലവുകൾ വേറെ. അങ്ങനെ കണക്ക് നിരത്തി പറഞ്ഞാൽ ഒട്ടേറെ പണം മുടക്കിയാണ് പോസ്റ്ററുകൾ പതിക്കുന്നത്. എന്നാൽ ഉടനെ ആ പോസ്റ്ററുകളിൽ ഒരു മര്യാദയും കാണിക്കാതെ സ്വകാര്യ സ്ഥാപനങ്ങൾ പരസ്യം പതിക്കുകയാണ്', അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഞാനൊരിക്കലും പരസ്യ സംവിധാനത്തോട് എതിരല്ല. അതെല്ലാം നന്നായി നടക്കട്ടെ. പക്ഷേ, അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധമാവരുത്', ഷാജി പട്ടിക്കര വ്യക്തമാക്കി.

Content Highlights: Production Controller and Malabar Film Distributors Association President Shaji Pattikkara has strongly criticized private companies for pasting their advertisements over movie posters. He pointed out that while this might seem like a trivial issue, it causes massive financial losses to film producers and distributors. Highlighting the high expenses involved in printing and distributing posters across towns and villages, he stated that the quick defacement by private ads is unfair. Shaji Pattikkara clarified that he is not against general advertisements or marketing by local businesses. However, he urged everyone to conduct their publicity campaigns responsibly without causing damage or financial distress to others in the industry