ഒപ്പം നൃത്തം ചെയ്യാൻ ആരാധകരെ ക്ഷണിച്ചു, എത്തിയത് വൻസംഘം, വേദി വിട്ട് ഷാഹിദ് കപൂർ

ഓ റോമിയോ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് നടൻ ഷാഹിദ് കപൂർ. ചിത്രത്തിലെ ഗാനത്തിന്റെ ലോഞ്ച് ചടങ്ങിനിടെ നടന്ന നാടകീയമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഷാഹിദിനൊപ്പം നൃത്തം ചെയ്യാനായി വേദിയിലേക്ക് ഒരുസംഘം ആരാധകർ എത്തുകയും ചടങ്ങ് അലങ്കോലമാവുകയും ചെയ്തതാണ് സംഭവം. തിരക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കുന്നതിനും അപ്പുറമായതോടെ ഷാഹിദ് കപൂർ ചടങ്ങ് വേദിയിൽനിന്ന് തിരിച്ചുപോയി.
വെള്ളിയാഴ്ചയാണ് ഓ റോമിയോയിലെ പാൻ കി ദുക്കാൻ എന്ന ഗാനത്തിന്റെ ലോഞ്ച് ചടങ്ങ് മുംബൈയിൽ നടന്നത്. ചിത്രത്തിലെ നായികയായ തൃപ്തി ദിമ്രിയും ചടങ്ങിനെത്തിയിരുന്നു. കാണികളുമായി സംവദിക്കുന്നതിനിടെ പുതിയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ തനിക്കൊപ്പം നൃത്തം ചെയ്യാൻ ഷാഹിദ് കപൂർ ആരാധകരെ ക്ഷണിച്ചു. എന്നാൽ അദ്ദേഹം പോലും വിചാരിക്കാത്ത അത്രയുംപേരാണ് വേദിയിലേക്ക് ഇരച്ചെത്തിയത്. ഇവർ നൃത്തം ചെയ്യുകയും കൂട്ടം കൂടുകയും താരത്തെ വളയുകയും ചെയ്തതോടെ പരിപാടിയുടെ നിയന്ത്രണം താറുമാറായി.
സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ ശരിയാക്കുമ്പോഴേക്കും ഷാഹിദ് കപൂർ വേദി വിട്ടു. പിന്നീട് ജനക്കൂട്ടത്തെ നിയന്ത്രിച്ചതിനുശേഷമാണ് അദ്ദേഹം തിരിച്ചെത്തുകയും ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തത്.
വിശാൽ ഭരദ്വാജ് രചനയും സംവിധാനവും നിർവഹിച്ച 'ഓ റോമിയോ' നിർമ്മിച്ചിരിക്കുന്നത് നദിയദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റ് ബാനറിൽ സാജിദ് നദിയാദ്‌വാലയാണ്. ഹുസൈൻ സെയ്ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആക്ഷൻ ത്രില്ലർ. നാനാ പടേക്കർ, അവിനാഷ് തിവാരി, തമന്ന ഭാട്ടിയ, ദിഷ പഠാണി, ഫരീദ ജലാൽ, വിക്രാന്ത് മാസ്സി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
Content Highlights: Shahid Kapoor Mobbed on Stage During 'O Romeo' Song Launch: Event Turns Chaotic