12,000 കോടി പിന്നിട്ട് കിങ് ഖാന്റെ ആസ്തി; ബോളിവുഡ് താരങ്ങളിൽ രണ്ടാമത് ജൂഹി ചൗള, ആദ്യ അഞ്ചിൽ ആരെല്ലാം?

ഷാരൂഖ് ഖാൻ | Photo: PTI
ഷാരൂഖ് ഖാൻ | Photo: PTI

30 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിലെ ആദ്യ ദേശീയ അവാർഡ് നേടിയ ഷാരൂഖ് ഖാൻ, മറ്റൊരു നാഴികക്കല്ല് പിന്നിട്ടതായി റിപ്പോർട്ടുകൾ. ബോളിവുഡിലെ ഏറ്റവും സമ്പന്ന താരങ്ങളുടെ പട്ടികയിൽ 10,000 കോടി രൂപ മറികടന്ന ആദ്യ താരമായി ഷാരൂഖ് മാറിയിരിക്കുകയാണ്.

M3M Hurun India Rich List 2025-ന്റെ കണക്കുകൾ പ്രകാരം, ഷാരൂഖിന് 12,490 കോടി രൂപയുടെ (ഏകദേശം 1.4 ബില്യൺ ഡോളർ) ആസ്തി ഉള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2002-ൽ സ്ഥാപിച്ച റെഡ് ചില്ലീസ് എന്റർടൈൻമെന്റ്സ് ആണ് ഖാന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം. ഇതോടെ, ഗായിക റിഹാന, പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ് എന്നിവരുടെ നിലയിലേക്ക് ഷാരൂഖ് എത്തിയിരിക്കുകയാണ്. ഫോർബ്സ് ഡാറ്റ പ്രകാരം ഇവരുടെ ആസ്തി 1.4 ബില്യൺ ഡോളറാണ്.

ബോളിവുഡ് ചലച്ചിത്ര താരങ്ങളുടെ കണക്കിൽ 7,790 കോടി രൂപയുടെ ആസ്തിയുമായി നടി ജൂഹി ചൗളയും കുടുംബവുമാണ് രണ്ടാം സ്ഥാനത്ത്. ഷാരൂഖ് ഖാനൊപ്പം ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സഹഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് സ്പോർട്സിലെ ഓഹരിയിൽ നിന്നാണ് ഈ സമ്പത്തിൻ്റെ ഭൂരിഭാഗവും വരുന്നതെന്നാണ് റിപ്പോർട്ട്.

തൻ്റെ ഫിറ്റ്നസ്, ലൈഫ്സ്റ്റൈൽ ബ്രാൻഡായ HRX-ൻ്റെ വിജയത്തിന്റെ പിൻബലത്തിൽ 2,160 കോടി രൂപയുമായി ഹൃത്വിക് റോഷൻ മൂന്നാം സ്ഥാനത്ത്. 1,880 കോടി രൂപയുമായി ചലച്ചിത്ര നിർമാതാവ് കരൺ ജോഹർ തൊട്ടുപിന്നിലുണ്ട്. 1,630 കോടി രൂപയുടെ സമ്പത്തുമായി അമിതാഭ് ബച്ചനും കുടുംബവും ആദ്യ അഞ്ചിൽ ഇടംപിടിച്ചു.