ഭീകരവാദത്തെ ന്യായീകരിക്കുന്നു, രാജ്യ സുരക്ഷയ്ക്ക് ഭീഷണി; സത്‌ലജ് വിലക്ക് തുടരണം-കേന്ദ്രസർക്കാർ സമിതി

#Movies Desk
സത്‌ലജ് എന്ന ചിത്രത്തിന്റെ പോസ്റ്റർ, ദിൽജിത് ദോസാഞ്ജ് | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്
സത്‌ലജ് എന്ന ചിത്രത്തിന്റെ പോസ്റ്റർ, ദിൽജിത് ദോസാഞ്ജ് | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്

സത്‌ലജ് സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ സമിതി. ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് ചിത്രത്തിനുള്ള വിലക്ക് നീക്കരുതെന്ന് ഇന്റർ-ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റിയുടെ ശുപാർശ. ചിത്രം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഐ.ടി. ആക്ടിന്റെ 69-എ വകുപ്പ് പ്രകാരം വിലക്ക് നിലനിൽക്കുമെന്നും സമിതി ചൂണ്ടിക്കാണിച്ചു.

ചിത്രം രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമാണ്. തീവ്രസ്വഭാവമുള്ള സംഘടനകളെ ന്യായീകരിക്കുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ കണ്ടെത്തി നീക്കം ചെയ്യാൻ സി-5 പ്ലാറ്റ്‌ഫോമും നിർമാതാക്കളും നടപടികൾ സ്വീകരിക്കണമെന്നും സമിതി ശുപാർശ ചെയ്തു.

പഞ്ചാബിൽ നടന്ന കാര്യങ്ങളെ ഏകപക്ഷീയമായാണ് അവതരിപ്പിക്കുന്നത്. തീവ്രവാദത്തിനെതിരായ നിയമപരമായ നടപടികളെ ഭരണകൂടത്തിന്റെ അതിക്രമവും ക്രൂരതയുമായി ചിത്രീകരിക്കുന്നു. ചില രംഗങ്ങൾ വിഘടനവാദ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുമെന്നും സമിതി ചൂണ്ടിക്കാട്ടി.

സിഖ് മനുഷ്യാവകാശപ്രവർത്തകനായിരുന്ന ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. 1984- 94 കാലത്ത് തീവ്രവാദവിരുദ്ധ നീക്കങ്ങളുടെ മറവിൽ പഞ്ചാബിൽ നടന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിന്റെ കൊലപാതകവും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.

ഹണി ടെഹ്‌റാൻ സംവിധാനം ചെയ്ത ദിൽജിത് ദൊസാഞ്ജ് ചിത്രം ജൂലൈ മൂന്നിനായിരുന്നു ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐ.ടി. ആക്ടിലെ 69-എ വകുപ്പ് പ്രകാരം ചിത്രം പിൻവലിക്കാൻ വാർത്താവിതരണ മന്ത്രാലയം സി-5-ന് നിർദേശം നൽകി. പിന്നാലെ, പുറത്തിറങ്ങി രണ്ടുദിവസത്തിനുള്ളിൽ ചിത്രം പിൻവലിക്കപ്പെട്ടു. തുടർന്ന് ചിത്രം ഐ.ഡി.സിയുടെ പരിശോധനയ്ക്ക് വിടുകയുമായിരുന്നു.

ഡിജിറ്റൽ, സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക ലംഘനങ്ങളും പൊതുപരാതികളും പരിശോധിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ശുപാർശകൾ നൽകുന്ന സമിതിയാണ് ഐ.ഡി.സി. വാർത്താവിതരണ പ്രക്ഷേപണ, ആഭ്യന്തര, ഐടി, വനിതാ ശിശുവികസന, വിദേശകാര്യ, പ്രതിരോധ, നിയമ മന്ത്രാലയങ്ങളിലെ പ്രതിനിധികളും വിദഗ്ധരും അടങ്ങുന്നതാണ് സമിതി.

Content Highlights: Inter-Departmental Committee (IDC) has recommended that the ban on the movie 'Satluj' must continue as it poses a threat to national security. The committee pointed out that the movie violates India's sovereignty and integrity by justifying extremist organizations and spreading separatist propaganda. Directed by Honey Trehan and starring Diljit Dosanjh, the film is based on the life of Sikh human rights activist Jaswant Singh Khalra and portrays police actions in Punjab between 1984 and 1994. Following instructions from the Ministry of Information and Broadcasting under Section 69-A of the IT Act, the movie was pulled down from the Zee5 platform within two days of its release on July 3. The panel has also directed the producers and the streaming platform to take immediate action to identify and remove pirated versions of the film circulating online