‘ഖലീഫ’യിൽ സ്വപ്ന സുരേഷുമായി സാദൃശ്യമുള്ള വേഷം; വിമർശനങ്ങൾക്ക് മറുപടിയുമായി നടി സനുജ സോമനാഥ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ' എന്ന ചിത്രത്തിനെതിരായ സംഘടിത ഡീഗ്രേഡിങ്ങിനെതിരെ നടി സനുജ സോമനാഥ്. ഒന്നോ രണ്ടോ സീനുകളുടെ പേരിൽ സിനിമയെ മനഃപൂർവ്വം അപകീർത്തിപ്പെടുത്തുന്നത് നല്ല കാര്യമല്ലെന്ന് സനുജ ഫെയ്സ്ബുക്കിൽ കുറിച്ചു. നടി അവതരിപ്പിച്ച കഥാപാത്രത്തെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിലും സനുജ പ്രതികരിച്ചു. സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ച സിനിമയിൽ, നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി സാദൃശ്യമുള്ള കഥാപാത്രത്തെയാണ് സനുജ അവതരിപ്പിച്ചത്.
സനുജ സോമനാഥിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഖലീഫയെക്കുറിച്ച് ഒരു ചെറിയ കാര്യം പറയണമെന്ന് തോന്നി. ഈ സിനിമയിൽ എനിക്ക് ഒരു ചെറിയ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു. സിനിമയിൽ ആ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒരു പേര് നൽകിയിട്ടില്ല. പക്ഷേ സ്ക്രിപ്റ്റിൽ ഒരു പേര് ഉണ്ടായിരുന്നു.
അങ്ങനെ ഒരു പേര് സിനിമയിൽ വെളിപ്പെടുത്താതെ തന്നെ ഇരിക്കുന്നതിൽ ഒരു രസമുണ്ട് എന്ന് തോന്നുന്നു. പക്ഷേ സിനിമ കണ്ട പലരും ആ കഥാപാത്രം ആരാണെന്ന് അവരുടെ രീതിയിൽ മനസ്സിലാക്കിയിട്ടുമുണ്ട്. പേര് കൊടുത്തിട്ടില്ലെങ്കിലും, കഥാപാത്രത്തെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല.
പക്ഷേ ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്. ഒന്നുരണ്ട് റീൽസുകളിൽ സിനിമയിലെ ക്ലിപ്പുകൾ പ്രചരിച്ചതിന് ശേഷം ഒരുപാട് കമന്റുകൾ കണ്ടു. അതിൽ 'വെറുതെയല്ല ഈ സിനിമയ്ക്ക് ഡീഗ്രേഡേഷൻ വരുന്നത്, ഈ ഒരു പ്രത്യേക സീൻ കാരണമാണ് ഇത്രയും ഡീഗ്രേഡിങ്' എന്നൊക്കെയുള്ള കമന്റുകൾ. പാർട്ടിക്കാർ ചേരി തിരിഞ്ഞു ഡീഗ്രേഡ് ചെയ്യുകയാണ് എന്ന അർഥത്തിൽ.
സത്യത്തിൽ അത് കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നി. നമ്മൾ ചെയ്യുന്ന സിനിമകൾ നല്ല രീതിയിൽ പോകണം, ആളുകൾ കാണണം, നല്ല റീച്ച് കിട്ടണം എന്നൊക്കെ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതുപോലെ തന്നെ സിനിമയെക്കുറിച്ച് ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനും പൂർണ്ണ അവകാശമുണ്ട്. ഒരാൾക്ക് സിനിമ ഇഷ്ടപ്പെടാം, മറ്റൊരാൾക്ക് ഇഷ്ടപ്പെടാതിരിക്കാം. ഒരാളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാം. മറ്റൊരാളുടേത് മീറ്റ് ചെയ്തിരിക്കില്ല. അതിൽ ഞാൻ തർക്കിക്കാൻ വരുന്നില്ല. ഓരോരുത്തരുടെയും ടേസ്റ്റ്, പ്രതീക്ഷ, സിനിമയെ കാണുന്ന രീതി അതെല്ലാം വ്യക്തിപരമാണ്.
പക്ഷേ, രണ്ടോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയിൽ വരുന്ന ഒന്നോ രണ്ടോ സീനുകളുടെ പേരിൽ മാത്രം ഒരു സിനിമയെ മനഃപൂർവ്വം ഡീഗ്രേഡ് ചെയ്യുന്നത് അത്ര നല്ലൊരു കാര്യമായി എനിക്ക് തോന്നുന്നില്ല. ഒരു ഘട്ടത്തിൽ, 'ഇനി ഈ സീനൊക്കെ മാറ്റി ചെയ്തിട്ട്, എമ്പുരാന്റെ കാര്യത്തിൽ ചെയ്തതുപോലെ എന്തെങ്കിലും ചെയ്യുമോ?', എന്ന് വരെ ഞാൻ ചിന്തിച്ചുപോയി.
എന്തായാലും, ഖലീഫ ഒരു ആക്ഷൻ, സ്വാഗ് സിനിമയാണ് എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. അതിന്റെ രീതിയിൽ സിനിമ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ്. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും അഭിപ്രായം. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല.
പക്ഷേ, സിനിമയെ സിനിമയായി കാണുക എന്നൊരു അഭ്യർഥന മാത്രമേയുള്ളൂ. സിനിമയിൽ രാഷ്ട്രീയം കലർന്നിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് പറയാനുള്ളത് ഉണ്ടെങ്കിൽ, അതും സിനിമയുടെ ഭാഗമായിത്തന്നെ ഉൾക്കൊണ്ട് കാണുക. ഇഷ്ടപ്പെടാം, വിമർശിക്കാം, അഭിപ്രായം പറയാം... പക്ഷേ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് ഒഴിവാക്കാം.
അത്രയേ പറയാനുള്ളൂ.
ഖലീഫയെ കണ്ട എല്ലാവർക്കും നന്ദി. സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എന്തുതന്നെയായാലും, അത് തുറന്ന് പറയാനുള്ള അവകാശം നിങ്ങൾക്കുണ്ട്.
Content Highlights: Actress Sanuja Somanath addressed the coordinated negative campaign against the movie Khaleefa. She plays a character reminiscent of Swapna Suresh in the gold smuggling-themed action film. Sanuja appealed to audiences to judge the movie as a whole rather than targeting specific scenes. She acknowledged viewers' rights to express opinions but condemned intentional degradation.