മരണത്തിനായി പ്രാർഥിച്ച രാത്രികൾ, തിഹാറിലേത് അങ്ങേയറ്റം ദുസ്സഹമായ സാഹചര്യം- വെളിപ്പെടുത്തി നടി സന്ദീപ

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി നാല് മാസത്തോളം തിഹാർ ജയിലിൽ കഴിഞ്ഞതിന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി നടിയും ഇൻഫ്ലുവൻസറുമായ സന്ദീപ വിർക്. കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് സന്ദീപ പുറത്തിറങ്ങിയത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ജയിലിനുള്ളിലെ ബുദ്ധിമുട്ടുകളെ കുറിച്ച് താരം മനസ്സ് തുറന്നത്.
തന്റെ ഏറ്റവും വലിയ ശത്രുവിന് പോലും തിഹാർ ജയിലിലെ അവസ്ഥ വരരുതെന്ന് സന്ദീപ പറയുന്നു. ‘ആദ്യ ദിവസം ജയിലിലെ ശുചിമുറിയിൽ പോയപ്പോൾ ഞാൻ ദൈവത്തോട് ചോദിച്ചു, എന്തിനാണ് എനിക്ക് ഈ അനുഭവം തന്നതെന്ന്. മുൻജന്മത്തിലെ ഏതെങ്കിലും തെറ്റായിരിക്കാം ഇതെന്ന് കരുതി ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. പലപ്പോഴും മരണത്തിനായി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്’- സന്ദീപ പറഞ്ഞു.
അങ്ങേയറ്റം ദുസ്സഹമായ സാഹചര്യത്തിലാണ് ജയിലിൽ കഴിഞ്ഞതെന്ന് സന്ദീപ വിവരിക്കുന്നു. എന്നും ഒരേ തരം പരിപ്പും പച്ചക്കറിയും നാല് റൊട്ടിയും ചോറും. കഴിക്കാൻ പോലും തോന്നാത്ത അത്ര മോശം ഭക്ഷണമായിരുന്നു ലഭിച്ചതെന്ന് സന്ദീപ പറയുന്നുണ്ട്. തറയിലായിരുന്നു ഉറക്കമെന്നും പുലർച്ചെ ആറ് മണിക്ക് തുറക്കുന്ന ബാരക്കുകൾ കൃത്യമായ ഇടവേളകളിൽ അടയ്ക്കുമെന്നും അവർ പറയുന്നു. കടുത്ത മാനസിക സമ്മർദ്ദം കാരണം ആരോഗ്യം മോശമായി, മറ്റൊരാളുടെ സഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്നും പറയുന്നു.
അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ സിനിമാ മേഖലയിലുള്ളവർ തന്നെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായും താരം വെളിപ്പെടുത്തി. ‘അവർ എന്നെ ഒഴിവാക്കിയത് എന്നെ ബാധിക്കില്ല. നേരത്തെ വലിയ വാഗ്ദാനങ്ങൾ നൽകിയ നിർമ്മാതാക്കളൊന്നും കൂടെയുണ്ടായിരുന്നില്ല. എന്നാൽ എന്റെ മാതാപിതാക്കളും സഹോദരങ്ങളും എനിക്കൊപ്പം ഉറച്ചുനിന്നു. ജയിലിനുള്ളിൽ എന്നെ കാണാൻ അച്ഛനും അമ്മയും വരുന്നത് കാണുന്നതായിരുന്നു ഏറ്റവും വലിയ വേദന’- സന്ദീപ കൂട്ടിച്ചേർത്തു.
ജയിലിനുള്ളിൽ പണമുണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ നടക്കൂ എന്നും സന്ദീപ ആരോപിക്കുന്നു. പണമില്ലാത്തവർക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം, ജയിലിൽ പരിചയപ്പെട്ട നിയമസഹായം ലഭിക്കാത്ത രണ്ട് സ്ത്രീകൾക്ക് പുറത്തിറങ്ങാൻ താൻ സഹായം നൽകിയതായും താരം കൂട്ടിച്ചേർത്തു.
എന്താണ് കേസ്?
ഏകദേശം ആറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സന്ദീപയെ അറസ്റ്റ് ചെയ്തത്. സിനിമയിൽ പ്രധാന വേഷം നൽകാമെന്ന് വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്ന് പണം തട്ടിയെന്നാണ് ആരോപണം. എന്നാൽ കേസിലെ പ്രധാന പ്രതി അമിത് ഗുപ്ത ഒളിവിലാണെന്നതും സന്ദീപ നാല് മാസം തടവിൽ കഴിഞ്ഞതും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ മുംബൈയിലേക്ക് മടങ്ങിയ സന്ദീപ തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: Actress Sandeepa Virk reveals her experience of spending four months in Tihar Jail.