'ടിപ്പു' സിനിമയില്‍ നിന്ന് പിന്‍മാറി നിര്‍മാതാവ്; ഭീഷണി അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥന

സന്ദീപ് സിംഗ്, ടിപ്പു എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
സന്ദീപ് സിംഗ്, ടിപ്പു എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ടിപ്പു സുല്‍ത്താന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറി നിര്‍മാതാവ് സന്ദീപ് സിംഗ്. ടിപ്പുവിന്റെ യഥാര്‍ഥ മുഖം പുറത്ത്‌കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മാസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തത്. 

ഗുരുതരമായ ആരോപണങ്ങളാണ് മോഷന്‍ പോസ്റ്ററില്‍ ടിപ്പുവിനെതിരെ ഉന്നയിച്ചത്. ടിപ്പുവിന്റെ മുഖത്ത് കരിതേച്ച് വികൃതമാക്കിയ നിലയിലാണ് പോസ്റ്ററില്‍ ഉള്ളത്. 'മതഭ്രാന്തനായ സുല്‍ത്താന്റെ കഥ' എന്ന ടാഗിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. പവന്‍ ശര്‍മയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 

സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചിത്രത്തിനെതിരേ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ടിപ്പു സുല്‍ത്താന്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ചിലര്‍ ഭീഷണിമുഴക്കി.

പ്രഖ്യാപനത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം 'ടിപ്പു'വില്‍ നിന്ന് പിന്‍മാറുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ് സന്ദീപ് സിംഗ്. 

ടിപ്പുവിനെക്കുറിച്ച് സിനിമ എടുക്കുന്നില്ല. തന്നെയും ന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് സഹോദരന്‍മാരും സഹോദരിമാരും മാറി നില്‍ക്കണം. ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ആത്മാര്‍ഥമായി മാപ്പ് പറയുന്നു. അത് തന്റെ ഉദ്ദേശമേ അല്ലായിരുന്നു. എല്ലാ ഇന്ത്യക്കാരെപ്പോലെയും എല്ലാ മതവിശ്വാസങ്ങളെയും താന്‍ ബഹുമാനിക്കുന്നു. എല്ലാകാലത്തും ഒന്നിച്ചുനില്‍ക്കാമെന്നും പരസ്പരബഹുമാനം പുലര്‍ത്താമെന്നും സന്ദീപ് സിംഗ് കുറിച്ചു. 


 

Content Highlights: Sandeep Singhnot doing film on Tipu Sultan life, first look poster controversy