വിദ്യാർഥി പ്രതിഷേധത്തിൽ ‘ജനനായകൻ’ പരാമർശം; നടി സനം ഷെട്ടിയെ ഇറക്കിവിട്ടു, മൈക്ക് പിടിച്ചുവാങ്ങി

#Movies Desk
സനം ഷെട്ടി | Photo: Instagram/ Sanam Shetty
സനം ഷെട്ടി | Photo: Instagram/ Sanam Shetty

ചെന്നൈ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈയിൽ നടക്കുന്ന സമരത്തിൽ സംസാരിക്കവെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ 'ജനനായകൻ' എന്ന ചിത്രത്തെക്കുറിച്ച് പരാമർശിച്ച നടി സനം ഷെട്ടിക്കെതിരെ പ്രതിഷേധം. സമരം രാഷ്ട്രീയവത്കരിക്കുന്നവരെ നടി തന്റെ പ്രസംഗത്തിൽ 'ജോക്കർമാർ' എന്ന് വിശേഷിപ്പിച്ചിരുന്നു. വിജയ്‌യുടെ ആരാധികയെന്ന നിലയിലാണ് താൻ പ്രതിഷേധത്തിന് എത്തിയതെന്നും നടി അവകാശപ്പെട്ടു. തുടർന്നാണ് സമരക്കാർ സനം ഷെട്ടിക്കെതിരെ രംഗത്തെത്തിയത്. ചെന്നൈയിലെ സി.പി.ഐ. ആസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കവേയായിരുന്നു സംഭവം.

'വിദ്യാർഥികളെ പിന്തുണയ്ക്കാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി വേദി ഉപയോഗിക്കുന്ന എല്ലാവരും ജോക്കർമാരാണ്. 'ജനനായകൻ' സിനിമയുടെ ആദ്യ ദിന ആദ്യ ഷോ കണ്ട ശേഷമാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്' എന്നായിരുന്നു സനം ഷെട്ടിയുടെ വാക്കുകൾ.

ഇതോടെ സമരക്കാർ സനം ഷെട്ടിയെ കൂവിവിളിക്കാൻ തുടങ്ങി. ഇതിനോട് പ്രതികരിച്ച സനം, 'ഇതാണോ ജനാധിപത്യം? ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഈ അജൻഡയെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്,' എന്ന് മറുപടി നൽകി. എന്നാൽ, സംഘാടകർ അവരോട് മടങ്ങാൻ ആവശ്യപ്പെട്ടു. വിദ്യാർഥികൾ 'ഇൻക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യമുയർത്തി.

തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച സനം ഷെട്ടി സംഭവം ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ചു. 'അവർ എന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചെടുത്തു. എന്നെ അവിടെനിന്ന് തുരത്തി. ഇതൊരു ജനാധിപത്യപരമായ പ്രതിഷേധമല്ല, വ്യക്തമായ അജൻഡയുള്ള സമരമാണ്. എന്നെ സംസാരിക്കാൻ അനുവദിക്കാത്തവരാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നത്,' അവർ കുറ്റപ്പെടുത്തി.

ഡൽഹിയിലെ സമരത്തിന് നേതൃത്വം നൽകുന്ന സോനം വാങ്ചുക്കിനും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും സനം അഭിവാദ്യം അർപ്പിച്ചു. സി.പി.ഐ. ആസ്ഥാനത്ത് നടക്കുന്നത് വ്യാജ സമരമാണെന്നും അവർ ആരോപിച്ചു. തനിക്ക് ഇഷ്ടപ്പെട്ട താരത്തിന്റെ സിനിമ കണ്ടതുകൊണ്ട് താൻ ജോക്കർ ആകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ചില പ്ലക്കാർഡുകളിൽ മുഖ്യമന്ത്രി വിജയ്‌യെ കാണാനില്ലെന്ന് എഴുതിയിരുന്നത് തെറ്റായ പ്രചാരണമാണ്. വിജയ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയും പോലീസിന്റെ അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Content Highlights: Actress Sanam Shetty was forcefully removed from a NEET protest in Chennai for making references to actor-politician Vijay's film 'Jana Nayagan'. The protest, organized at the CPI headquarters to support Delhi's NEET students, turned chaotic after Sanam termed those politicizing the event as "jokers". Protesters booed the actress and chants of 'Inquilab Zindabad' erupted, prompting organizers to snatch her microphone and demand her exit. Following the incident, Sanam Shetty slammed the organizers, calling the protest anti-democratic and driven by hidden political agendas. She also defended Vijay against claims of absence, noting his active support for student rights and opposition to police high-handedness